അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (08:42 IST)
ഞായറാഴ്ച വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിന് സമാനമായ പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചതിന്റെ ആഘോഷത്തിലാണ് ആരാധകര്‍. തോല്‍വി മുന്നില്‍ കണ്ട മത്സരത്തില്‍ സഞ്ജു സാംസണ്‍ ബാറ്റിംഗില്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. വിജയം ഇന്ത്യന്‍ ടീമിന് നല്‍കുന്ന ഊര്‍ജം വലുതാണെങ്കിലും ലോകകപ്പ് വിജയിക്കാന്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിന് സാധിക്കില്ലെന്ന് പറയുകയാണ് മുന്‍ പാകിസ്ഥാന്‍ പേസറായ മുഹമ്മദ് ആമിര്‍.
ഇന്ത്യ സെമിഫൈനലില്‍ എത്തിയെങ്കിലും ടീം എന്നതിനേക്കാള്‍ വ്യക്തിഗത മികവിലാണ് നേട്ടമുണ്ടായതെന്നാണ് ആമിര്‍ പറയുന്നത്. ഇന്ത്യ മികച്ച ക്രിക്കറ്റല്ല പുറത്തെടുക്കുന്നത്. അവരുടെ ഫീല്‍ഡിംഗ് നോക്കു. മൂന്നും നാലും ക്യാച്ചുകള്‍ കൈവിട്ടു. ബൗളിങ്ങില്‍ ബുമ്രയൊഴികെ എല്ലാ ബൗളര്‍മാരും തല്ലുവാങ്ങുന്നു. ബാറ്റിംഗില്‍ തിലക് വര്‍മ തിളങ്ങുമ്പോള്‍ സൂര്യ മങ്ങുന്നു. അഭിഷേക് ഫോം ഔട്ടാണ്. ഇഷാന്‍ കഷ്ടപ്പെടുന്നു. സഞ്ജു ഒറ്റയ്ക്ക് വിമാനം ലാന്‍ഡ് ചെയ്യിക്കുന്ന പൈലറ്റിനെ പോലെ കളിക്കുന്നു. ഇംഗ്ലണ്ടിനെ പോലെ കരുത്തരായ ടീമിനെ സെമിയില്‍ നേരിടുമ്പോള്‍ ബൗളിംഗ് ദൗര്‍ബല്യം ഇന്ത്യയെ വലയ്ക്കും മുഹമ്മദ് ആമിര്‍ പറയുന്നു.
വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ 3 ക്യാച്ചുകളാണ് ഇന്ത്യ നഷ്ടമാക്കിയത്. അഭിഷേക് ശര്‍മ മാത്രം 2 സിറ്ററുകള്‍ കൈവിട്ടു. സൂപ്പര്‍ 8 ഘട്ടത്തില്‍ 13 ക്യാച്ചുകളാണ് ഇന്ത്യ കൈവിട്ടത്.