രേണുക വേണു|
Last Modified തിങ്കള്‍, 2 മാര്‍ച്ച് 2026 (11:36 IST)
ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസണിനെ പ്രശംസകൊണ്ട് മൂടി ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ സഞ്ജു പുറത്താകാതെ നേടിയ 97 റണ്‍സ് പ്രകടനം ലോകോത്തരമാണെന്നും സമ്മര്‍ദ്ദഘട്ടത്തില്‍ താരം തന്റെ പൂര്‍ണ്ണ മികവ് പുറത്തെടുത്തെന്നും ഗംഭീര്‍ പറഞ്ഞു.
196 റണ്‍സെന്ന കൂറ്റല്‍ ലക്ഷ്യം പിന്തുടരുമ്പോള്‍ സഞ്ജു കാണിച്ച പക്വതയെയാണ് ഗംഭീര്‍ എടുത്തുപറഞ്ഞത്. സഞ്ജുവൊരു ലോകോത്തര കളിക്കാരനാണ്. റണ്‍ വേട്ടയില്‍ അദ്ദേഹം ഇന്നിങ്ങ്‌സ് പടുത്തുയര്‍ത്തിയ രീതി മികച്ചതായിരുന്നു. അനാവശ്യമായ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കാതെ ക്രീസില്‍ നിലയുറപ്പിച്ച് സ്മാര്‍ട്ടായി കളിക്കാനാണ് അവന്‍ ശ്രമിച്ചത്. സാധാരണ ക്രിക്കറ്റ് ഷോട്ടുകള്‍ മാത്രമാണ് അവന്‍ കളിച്ചത്. അതാണ് ടാലന്റ്. സിംബാബ്വെയ്‌ക്കെതിരായ മത്സരത്തിലും വലിയ സ്‌കോര്‍ നേടിയില്ലെങ്കിലും സഞ്ജു തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചിരുന്നു. ഗംഭീര്‍ പറഞ്ഞു.
സഞ്ജുവിന്റെ 97 റണ്‍സിനൊപ്പം തന്നെ മറ്റ് താരങ്ങളുടെ പ്രകടനവും വിജയത്തില്‍ നിര്‍ണായകമായെന്ന് പരിശീലകന്‍ ഓര്‍മിപ്പിച്ചു. അവസാന ഓവറുകളില്‍ ശിവം ദുബെ നേടിയ 2 ബൗണ്ടറികള്‍ സഞ്ജുവിന്റെ ഇന്നിങ്ങ്‌സിനോളം പ്രധാനമാണ്. തിലക് നേടിയ 27 റണ്‍സും അതുപോലെയാണ്. ടീമിലെ ഓരോ ചെറിയ സംഭാവനകളും ചേരുമ്പോഴാണ് വലിയ വിജയങ്ങള്‍ ഉണ്ടാകുതെന്ന തന്റെ ഫിലോസഫിയും ഗംഭീര്‍ ആവര്‍ത്തിച്ചു. സഞ്ജുവും ഇഷാനും അടങ്ങുന്ന വിക്കറ്റ് കീപ്പര്‍മാരുടെ നിര ഇന്ത്യയ്ക്ക് കരുത്താണെന്നും ഭാവിയിലും അവര്‍ ഇന്ത്യയ്ക്കായി മികവ് കാണിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.
അതേസമയം വെസ്റ്റിന്‍ഡീസ് നായകന്‍ ഷായ് ഹോപ്പും സഞ്ജുവിനെ അഭിനന്ദിച്ചു. സഞ്ജുവിന്റേത് ഒരു എ പ്ലസ് ഇന്നിങ്ങ്‌സാണെന്നും പരിചയസമ്പത്തുള്ള ഒരു താരം എങ്ങനെ ചേസിംഗ് നിയന്ത്രിക്കണമെന്നതിന്റെ ഉദാഹരണമാണെന്നും ഹോപ്പ് പറഞ്ഞു.