20 ഓവര്‍ കീപ്പിംഗ്, 20 ഓവര്‍ ബാറ്റിംഗ്: സഞ്ജുവിന്റെ ഫിറ്റ്‌നസിനെ സമ്മതിച്ചെ പറ്റുവെന്ന് ഇര്‍ഫാന്‍ പത്താന്‍

സഞ്ജുവിന്റെ ഫിറ്റ്‌നസിനെ വിരാട് കോലിയുമായി താരതമ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ ഇര്‍ഫാന്‍ പത്താന്‍.

 Sanju samson
അഭിറാം മനോഹർ| Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (08:29 IST)
2026ലെ ടി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ രാജ്യമാകെ സഞ്ജു സാംസണെ ഏറ്റെടുത്തിരിക്കുകയാണ്. അത്യന്തം സമ്മര്‍ദ്ദം നിറഞ്ഞ മത്സരത്തില്‍ സഞ്ജു തന്നെയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. താരത്തിന്റെ പ്രകടനത്തെ പുകഴ്ത്തി മുന്‍ താരങ്ങളടക്കം ഒട്ടേറെ പേരാണ് രംഗത്ത് വന്നിരുന്നത്. ഇപ്പോഴിതാ സഞ്ജുവിന്റെ ഫിറ്റ്‌നസിനെ വിരാട് കോലിയുമായി താരതമ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ ഇര്‍ഫാന്‍ പത്താന്‍.

സമ്മര്‍ദ്ദഘട്ടത്തില്‍ ഇന്നിങ്ങ്‌സ് കെട്ടിപടുക്കുന്നതില്‍ മാസ്റ്റര്‍ക്ലാസ് പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. അവന്‍ അവന്റെ പ്രതിഭയോട് നീതിപുലര്‍ത്തി. മൈതാനത്തിരുന്ന് ദൈവത്തിന് നന്ദി പറഞ്ഞ നിമിഷം അദ്ദേഹം എത്രമാത്രം നന്ദിയുള്ളവനാണെന്ന് കാണിച്ചുതന്നു. 20 ഓവര്‍ കീപ്പിംഗ് ചെയ്ത ശേഷം 20 ഓവര്‍ ബാറ്റ് ചെയ്യുക. അത് എത്രത്തോളം അവന്‍ ഫിറ്റാണെന്നതിന്റെ തെളിവാണ്. കോലിയെ പോലെയുള്ള മഹാനായ കളിക്കാര്‍ മുന്‍പ് കളിച്ചിട്ടുള്ള അവിശ്വസനീയമായ ഇന്നിങ്ങ്‌സുകളെ ഓര്‍മിപ്പിക്കുന്ന പ്രകടനം പത്താന്‍ പറഞ്ഞു.


അതേസമയം സഞ്ജുവിന്റെ ശൈലിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഇന്നിങ്ങ്‌സായിരുന്നു വിന്‍ഡീസിനെതിരെയെന്നും അതിനാല്‍ തന്നെ സഞ്ജുവിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു പ്രകടനമെന്നും ഇര്‍ഫാന്‍ പറഞ്ഞു. ജസ്റ്റിസ് ഫോര്‍ സഞ്ജുവെന്ന് ഇനി പറയേണ്ടതില്ലെന്നും സഞ്ജു നീതി നടപ്പാക്കിയെന്നും പത്താന്‍ പറഞ്ഞു. വരും കാലങ്ങളില്‍ ഈ ലോകകപ്പിനെ പറ്റി സംസാരിക്കുമ്പോള്‍ സഞ്ജുവിന്റെ മാസ്റ്റര്‍ ക്ലാസും ചര്‍ച്ചയാകുമെന്നും ഇര്‍ഫാന്‍ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :