അഭിറാം മനോഹർ|
Last Modified തിങ്കള്‍, 2 മാര്‍ച്ച് 2026 (08:46 IST)
ടി20 ലോകകപ്പിലെ വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായകമത്സരത്തിലെ വമ്പന്‍ പ്രകടനവുമായി ഇന്ത്യയെ സെമിഫൈനലിലേക്ക് നയിച്ചിരിക്കുകയാണ് മലയാളി താരമായ സഞ്ജു സാംസണ്‍. 50 പന്തില്‍ നിന്ന് സഞ്ജു പുറത്താകാതെ നേടിയ 97 റണ്‍സിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് സെമിഫൈനല്‍ സ്ഥാനം നല്‍കിയത്. 4 സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. ഓപ്പണറായെത്തി അവസാന പന്ത് വരെ ഉറച്ചുനിന്നുകൊണ്ടായിരുന്നു സഞ്ജു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്ന സഞ്ജുവിനെ തലകുനിച്ച് വണങ്ങിയാണ് ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ യാദവ് സ്വീകരിച്ചത്. കഴിഞ്ഞയാഴ്ച താരത്തെ തള്ളിപറഞ്ഞ ഇന്ത്യന്‍ നായകനോടുള്ള ഒരു മധുര പ്രതികാരം കൂടിയായി മാറി ഈ കാഴ്ച. മത്സരശേഷം സഞ്ജുവിന്റെ പ്രകടനത്തെ പറ്റി സൂര്യ പ്രശംസയുമായി രംഗത്ത് വരികയും ചെയ്തു. തീര്‍ച്ചയായും ഇതൊരു മികച്ച അനുഭവമാണ്. തീര്‍ച്ചയായും ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമായിരുന്നു ഇത്. ടീം കാണിച്ച മനോഭാവം മികച്ചതായിരുന്നു. നല്ല മനുഷ്യര്‍ക്ക് നല്ലത് സംഭവിക്കും. എന്നാല്‍ സമയമെടുക്കുമെന്ന് മാത്രം. സഞ്ജുവിന്റെ കാര്യത്തില്‍ അതാണ്. സംഭവിച്ചത്. ടീമില്‍ ഇല്ലാതിരുന്നപ്പോള്‍ അവന്‍ നടത്തിയ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഇപ്പൊള്‍ അവന് ലഭിക്കുന്നത് സൂര്യ പറഞ്ഞു.
നേരത്തെ സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്നതിന് മുന്‍പായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സഞ്ജുവിന് ടീമില്‍ ഇടമുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസം കലര്‍ന്ന മറുപടിയാണ് സൂര്യകുമാര്‍ യാദവ് നടത്തിയിരുന്നത്. ദക്ഷിണാഫ്രിക്ക മത്സരത്തില്‍ വിജയിക്കുകയും ഇന്ത്യന്‍ നിരയിലെ ഇടം കയ്യന്‍ ബാറ്റര്‍മാരുടെ ആധിക്യം ചോദ്യം ചെയ്യപ്പെടുകയും ചെയ്തതോടെയാണ് സഞ്ജുവിന് ടീമില്‍ അവസരമൊരുങ്ങിയത്. സിംബാബ്വെയ്‌ക്കെതിരെ നല്ല തുടക്കം ലഭിച്ചെങ്കിലും മികച്ച സ്‌കോര്‍ നേടാന്‍ സഞ്ജുവിനായിരുന്നില്ല.