അഭിറാം മനോഹർ|
Last Modified തിങ്കള്‍, 2 മാര്‍ച്ച് 2026 (08:58 IST)
ടി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായകമത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് രാജ്യത്തിന്റെ ഹീറോയായി മാറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ന്യൂസിലന്‍ഡിനെതിരെ 5 മത്സരങ്ങളും നിരാശപ്പെടുത്തിയ ഇടത്ത് നിന്ന് ഒരു മാസമകലെ ഇന്നയാള്‍ ഇന്ത്യയുടെ ഹീറോയാണ്. 196 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്കായി 50 പന്തില്‍ പുറത്താകാതെ 97 റണ്‍സാണ് സഞ്ജു നേടിയത്. 4 സിക്‌സറും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
മത്സരശേഷം സംസാരിക്കനെ തന്റെ പ്രകടനത്തെ പറ്റി സഞ്ജു വികാരാധീനനായി. കളിക്കാന്‍ തുടങ്ങിയ ദിവസം മുതല്‍ രാജ്യത്തിനായി കളിക്കാന്‍ സ്വപ്നം കണ്ട നിമിഷം മുതല്‍ ഞാന്‍ കാത്തിരുന്ന ദിവസമാണിത്. ഞാന്‍ കടപ്പെട്ടിരിക്കും. എന്റെ യാത്ര ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു. ഞാന്‍ എന്നെ തന്നെ സംശയിച്ചിരുന്നു. എന്നെ കൊണ്ട് സാധിക്കുമോ എന്നെല്ലാം ചിന്തിച്ചിരുന്നു. എന്നാല്‍ എന്നില്‍ വിശ്വസിക്കുന്നത് തുടര്‍ന്നു. ഇന്ന് എന്നെ അനുഗ്രഹിച്ചതില്‍ സര്‍വശക്തനായ ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു. സഞ്ജു പറഞ്ഞു.
ഞാന്‍ വളരെയേറെക്കാലമായി ഈ ഫോര്‍മാറ്റ് കളിക്കുന്നു. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ ഇതിഹാസങ്ങള്‍ കളിക്കുന്നത് ഡഗൗട്ടിലിരുന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്. ഞാനൊരു കൂട്ടുക്കെട്ട് കെട്ടിപടുക്കാന്‍ ആഗ്രഹിച്ചു. ഇത്രയും മികച്ചൊരു കാര്യം ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ദിവസങ്ങളില്‍ ഒന്നാണിത്. ആരാധക പിന്തുണ നല്‍കുന്ന ഊര്‍ജം വലുതാണ്. ഞാന്‍ പന്ത് കൃത്യമായി നിരീക്ഷിച്ച് ഷോട്ടുകള്‍ കളിച്ചു. എന്നില്‍ തന്നെ വിശ്വസിച്ചു. സഞ്ജു പറഞ്ഞു.