അതങ്ങ് ഒഫീഷ്യലായി, നടി സമ്രീൻ കൗറുമായുള്ള പ്രണയബന്ധം സ്ഥിരീകരിച്ച് അർഷ്ദീപ് സിങ്
ഇതാദ്യമായാണ് അര്‍ഷ്ദീപും സമ്രീനും തങ്ങളുടെ ബന്ധം പരസ്യമാക്കുന്നത്.
ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ദീര്‍ഘനാളായി ഉയര്‍ന്നിരുന്ന പ്രണയബന്ധം പരസ്യമാക്കി ക്രിക്കറ്റ് താരം അര്‍ഷ്ദീപ് സിങ്. നടിയും മോഡലുമായ സമ്രീന്‍ കൗറുമായി താന്‍ പ്രണയത്തിലാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വ്യക്തമാക്കിയത്. സമ്രീന്‍ കൗറിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം പ്രിയപ്പെട്ടവള്‍ എന്ന അടിക്കുറിപ്പും നല്‍കിയാണ് അര്‍ഷ്ദീപ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പരസ്പരം ചേര്‍ത്തുപിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചത്. ഇതാദ്യമായാണ് അര്‍ഷ്ദീപും സമ്രീനും തങ്ങളുടെ ബന്ധം പരസ്യമാക്കുന്നത്.
ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിനിടെ ഒരു പെണ്‍കുട്ടിയുടെ കൈ കോര്‍ത്തുപിടിച്ചുനില്‍ക്കുന്ന ചിത്രം അര്‍ഷ്ദീപ് പങ്കുവെച്ചതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. ചിത്രത്തില്‍ പെണ്‍കുട്ടിയുടെ മുഖം വ്യക്തമല്ലായിരുന്നെങ്കിലും കൈയിലെ ടാറ്റുവും മറ്റും ദൃശ്യമായിരുന്നു. ഇത് നടിയും മോഡലുമായ സമ്രീന്‍ ആണെന്ന് ഇതോടെ ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇരുവരും ഒരേസമയം ഫത്തേഗഡ് സാഹിബ് ഗുരുദ്വാരയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതും പ്രണയവാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നിരുന്നു.
ഐപിഎല്‍ സീസണില്‍ പഞ്ചാബിന്റെ മത്സരങ്ങളില്‍ അര്‍ഷ്ദീപിന് പിന്തുണ നല്‍കികൊണ്ട് സമ്രിന്‍ ഗാലറിയില്‍ ഉണ്ടായിരുന്നു. ഇതോടെ പ്രണയവാര്‍ത്ത ആരാധകര്‍ ഉറപ്പിച്ചിരുന്നെങ്കിലും മാസങ്ങള്‍ക്ക് ശേഷമാണ് താരങ്ങള്‍ ഇത് സ്ഥിരീകരിക്കുന്നത്. സീ 5ലെ നെയ്ല്‍ പോളിഷ് എന്ന വെബ് സീരീസിലും 83, സര്‍ദാര്‍ ജി 2 എന്നീ സിനിമകളിലും സമ്രീന്‍ അഭിനയിച്ചിട്ടുണ്ട്.