അഭിറാം മനോഹർ|
Last Modified തിങ്കള്‍, 5 ജനുവരി 2026 (18:40 IST)
മുംബൈ: വരാനിരിക്കുന്ന ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. മുംബൈയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്നും നഗരത്തെ ബംഗ്ലാദേസി രഹിതമാക്കുമെന്നുമാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ തിരെഞ്ഞെടുപ്പ് വാഗ്ദാനം.
ഹിന്ദുവും മറാത്തിയുമായ ഒരാളായിരിക്കും മുംബൈ കോര്‍പ്പറേഷന്റെ മേയറായി വരികയെന്നും ഫഡ്‌നാവിസ് പറഞ്ഞു. ബിഎംസി തിരെഞ്ഞെടുപ്പിന് മുന്‍പായി ബിജെപി- ശിവസേന(ഷിന്‍ഡെ) സംഘടിപ്പിച്ച പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ ഏഴ് മാസത്തിനിടെ തന്നെ നിരവധി അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചിട്ടുണ്ടെന്നും ഈ നടപടി തുടരുമെന്നും ഫഡ്നാവിസ് പറഞ്ഞു. മുംബൈയുടെ സുരക്ഷ, നിയമവ്യവസ്ഥ, സാമൂഹിക സ്ഥിരത എന്നിവയെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബുര്‍ഖ ധരിച്ച സ്ത്രീകളെ ബിഎംസി മേയറാക്കാമെന്നാണ് ചിലരുടെ വാദം. എപ്പോഴും മറാത്ത അഭിമാനം പ്രസംഗിക്കുന്നവര്‍ അതിനെ എതിര്‍ത്ത് കണ്ടില്ല. കഴിഞ്ഞ തവണ അവിഭക്ത ശിവസേനയുടെ ഭരണത്തില്‍ വലിതോതിലുള്ള തൊഴില്‍ നഷ്ടമാണ് മുംബൈയിലുണ്ടായതെന്നും ഫഡ്‌നാവിസ് പറഞ്ഞു.