1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Glenn Maxwell retires from international cricket

ഒന്നര കാലിൽ കളി ജയിപ്പിച്ചവൻ ഇനി മഞ്ഞക്കുപ്പായത്തിൽ ഇല്ല !

Glenn Maxwell, Maxwell retires, Glenn Maxwell retires from international cricket, Glenn Maxwell Retirement
Glenn Maxwell

ഗ്ലെൻ മാക്‌സ്വെൽ, 'ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കെൽപ്പുള്ളവൻ' എന്ന് കൂടിയാണ് ആ പേരിന് അർത്ഥം...! 38 കാരനായ മാക്‌സി ഇനി രാജ്യാന്തര ക്രിക്കറ്റിൽ ഓസ്‌ട്രേലിയയ്ക്കായി കളിക്കില്ല. കഴിഞ്ഞ വർഷം ജൂണിൽ ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിച്ച മാക്‌സ്വെൽ ഇപ്പോൾ ഇതാ രാജ്യാന്തര കരിയർ പൂർണമായി അവസാനിപ്പിച്ചിരിക്കുന്നു. 
 
2023 ഏകദിന ലോകകപ്പ് ഓസ്‌ട്രേലിയ സ്വന്തമാക്കിയപ്പോൾ അതിനു കാരണക്കാരിൽ പ്രധാനിയായിരുന്നു മാക്‌സ്വെൽ. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഒന്നര കാലിൽ ഒറ്റയ്ക്ക് പടപൊരുതി ജയിച്ചു മാക്‌സി. 99 ശതമാനവും തോൽവി ഉറപ്പിച്ച ഓസ്‌ട്രേലിയയ്ക്ക് ജീവശ്വാസം നൽകിയ അപാര ഇന്നിങ്‌സ്. ഈ കളി തോറ്റിരുന്നെങ്കിൽ അന്ന് ഓസ്‌ട്രേലിയ സെമി കാണാതെ പുറത്താകുമായിരുന്നു. 
 
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് നേടുന്നു. മറുപടി ബാറ്റിങ്ങിൽ ഓസ്‌ട്രേലിയ തകർന്നടിഞ്ഞു. 91 റൺസ് ആയപ്പോൾ ഏഴ് വിക്കറ്റുകൾ നഷ്ടമായിരിക്കുന്നു. എന്നാൽ അവിടെ നിന്ന് ഗ്ലെൻ മാക്‌സ്വെൽ നടത്തിയ അവിശ്വസനീയമായൊരു രക്ഷാപ്രവർത്തനമുണ്ട്..! 128 പന്തിൽ 21 ഫോറും 10 സിക്‌സും സഹിതം 201 റൺസുമായി നോട്ട്ഔട്ട്. 19 പന്തുകളും മൂന്ന് വിക്കറ്റും ശേഷിക്കെ ഒടുവിൽ ഓസ്‌ട്രേലിയയ്ക്ക് ജയവും ! 
 
കടുത്ത പേശീവലിവും വെച്ചുകൊണ്ടാണ് ഗ്ലെൻ മാക്സ്വെൽ അന്ന് കളിച്ചത്. സെഞ്ചുറിക്ക് ശേഷമാണ് മാക്സ്വെല്ലിന് പേശീവലിവ് കാരണം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്. അതോടെ സിംഗിളും ഡബിളും ഓടാൻ പറ്റാതെയായി. വേറെ വഴിയൊന്നും ഇല്ലാതെ ബൗണ്ടറികൾ മാത്രം കളിച്ചു തുടങ്ങി. ഒന്നര കാലിൽ ആയിരുന്നു പിന്നീടുള്ള മാക്‌സ്വെല്ലിന്റെ ബാറ്റിങ്. ചില സമയത്ത് നേരെ നിൽക്കാൻ പോലും കഴിഞ്ഞിരുന്നില്ല. 41-ാം ഓവറിലെ മൂന്നാം പന്ത് കഴിഞ്ഞപ്പോൾ മാക്‌സി ഗ്രൗണ്ടിൽ തളർന്നു കിടന്നു. അംപയർമാരും ഫിസിയോയും ഓടിയെത്തി. മാക്‌സ്വെല്ലിനെ വെച്ച് റിസ്‌ക്കെടുക്കാൻ ഓസ്‌ട്രേലിയൻ ടീമും തയ്യാറല്ലായിരുന്നു. പാഡ് കെട്ടി ഹെൽമറ്റും വെച്ച് അടുത്ത ബാറ്റർ ഇറങ്ങാൻ ഒരുങ്ങിനിന്നു. രണ്ട് തവണയാണ് മാക്സ്വെല്ലിന് റിട്ടയേർഡ് ഹർട്ടാകാൻ ഓസ്ട്രേലിയ മാനേജ്മെന്റ് അവസരം നൽകിയത്. രണ്ട് തവണയും അടുത്ത ബാറ്ററായ ആദം സാംപയോട് തിരിച്ചു പോകാൻ മാക്സ്വെൽ ആവശ്യപ്പെട്ടു. മാക്‌സ്വെൽ കങ്കാരുക്കളുടെ മഞ്ഞക്കുപ്പായത്തിലെ കളി അവസാനിക്കുമ്പോൾ 2023 ലോകകപ്പിലെ ഐതിഹാസിക വിജയമായിരിക്കും ഓരോ ഓസ്‌ട്രേലിയൻ ആരാധകന്റെയും മനസിൽ തെളിഞ്ഞുനിൽക്കുക. Also Read: അതിൽ ഒപ്പിട്ടാൽ കേരളത്തിന് നഷ്ടം 700 കോടി, രാജമാണിക്യം വിസമ്മതിച്ചു; ഉടൻ സ്ഥലംമാറ്റണമെന്ന് സതീശന്റെ തിട്ടൂരം
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
India vs New Zealand ODI Series: ഫോം തുടരാൻ കോലിയും രോഹിത്തും; ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം