രഹാനെയുടെ പെൻഷൻ 70,000 രൂപ, കാംബ്ലിക്ക് അതിന്റെ പകുതി പോലുമില്ല; കാരണം ഇതാണ്
ഇന്ത്യൻ താരം അജിങ്ക്യ രഹാനെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു പിന്നാലെ ബിസിസിഐയുടെ പെൻഷൻ സമ്പ്രദായമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. രഹാനെയ്ക്ക് ബിസിസിഐയുടെ 70,000 രൂപയാണ് പ്രതിമാസ പെൻഷൻ ആയി ലഭിക്കുകയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്തുകൊണ്ട് 70,000 ?
രഹാനെ ഇന്ത്യക്കായി 85 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 38 കാരനായ താരം 90 ഏകദിനങ്ങളും 20 ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യൻ ജേഴ്‌സിയണിഞ്ഞു. 25 ടെസ്റ്റ് മത്സരങ്ങളിൽ കൂടുതൽ കളിച്ച താരങ്ങൾക്ക് ബിസിസിഐയുടെ പെൻഷനായി 70,000 രൂപയാണ് ലഭിക്കുന്നത്. ഈ മാനദണ്ഡം പ്രകാരമാണ് രഹാനെയ്ക്ക് 70,000 രൂപ ലഭിക്കുന്നത്.
കാംബ്ലിക്ക് എത്ര?
ഇന്ത്യയുടെ മുൻ താരവും സച്ചിൻ ടെൻഡുൽക്കറുടെ സമകാലികനുമായ വിനോദ് കാംബ്ലിക്ക് ആകട്ടെ രഹാനെയേക്കാൾ പകുതിയിൽ താഴെയാണ് പെൻഷൻ. കൃത്യമായി പറഞ്ഞാൽ 30,000 രൂപ. കാരണം കാംബ്ലി കളിച്ചിരിക്കുന്ന വെറും 17 ടെസ്റ്റുകളിലാണ്. 25 ടെസ്റ്റിനേക്കാൾ കുറവ് കളിച്ചവർക്ക് ബിസിസിഐ നൽകുന്നത് 30,000 രൂപയാണ്. അതേസമയം സുനിൽ ഗവാസ്‌കർ ഫൗണ്ടേഷനിൽ നിന്നും കാംബ്ലിക്ക് പ്രതിമാസം 30,000 രൂപ പെൻഷൻ ആയി ലഭിക്കുന്നുണ്ട്.