Hardik Pandya: 'ചെന്നൈയിലേക്ക് ഇല്ല'; ഹാർദിക് കൊൽക്കത്ത നായകൻ?
ഒരു ഇന്ത്യൻ ഓൾറൗണ്ടറെ ആവശ്യമുള്ള ചെന്നൈ സൂപ്പർ കിങ്‌സാണ് ഹാർദിക്കിനായി ആദ്യം രംഗത്തെത്തിയത്
Hardik Pandya
Hardik Pandya: ഐപിഎൽ ട്രേഡ് വിപണിയിൽ ഏറ്റവും വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. നിലവിൽ മുംബൈ ഇന്ത്യൻ നായകനായ ഹാർദിക് അടുത്ത സീസണിൽ മറ്റൊരു ടീമിനൊപ്പമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. എന്നാൽ ആ ടീം ഏതായിരിക്കും?
ഒരു ഇന്ത്യൻ ഓൾറൗണ്ടറെ ആവശ്യമുള്ള ചെന്നൈ സൂപ്പർ കിങ്‌സാണ് ഹാർദിക്കിനായി ആദ്യം രംഗത്തെത്തിയത്. മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റുമായി അനൗദ്യോഗിക ചർച്ചകളും നടത്തി. എന്നാൽ ഈ ചർച്ചകളൊന്നും ഫലംകണ്ടില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചെന്നൈയിൽ കളിക്കണമെങ്കിൽ ഹാർദിക് നായകസ്ഥാനം ആവശ്യപ്പെട്ടു. ഇപ്പോൾ നായകനായ ഋതുരാജ് ഗെയ്ക്വാദിനെ മാറ്റാൻ ചെന്നൈയ്ക്ക് താൽപര്യവുമില്ല. രാജസ്ഥാൻ നായകനായിരുന്ന സഞ്ജു സാംസൺ പോലും ചെന്നൈയിൽ ഗെയ്ക്വാദിന്റെ ക്യാപ്റ്റൻസിക്കു കീഴിലാണ് കളിക്കുന്നത്. അതിനാൽ തിടുക്കപ്പെട്ട് ഒരു ക്യാപ്റ്റൻസി മാറ്റത്തിനു ചെന്നൈ തയ്യാറല്ല. ഇതോടെ ഹാർദിക്കിനായുള്ള ചെന്നൈയുടെ ചർച്ചകൾക്കും ഫുൾസ്റ്റോപ്പായി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഹാർദിക്കിനായി ഇപ്പോൾ സജീവമായി രംഗത്തുള്ളത്. അജിങ്ക്യ രഹാനെ അടുത്ത സീസണിൽ കൊൽക്കത്തയെ നയിക്കാൻ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ കൊൽക്കത്തയ്‌ക്കൊരു നായകനെ ആവശ്യമുണ്ട്. നായകസ്ഥാനം ഓഫർ ചെയ്തുകൊണ്ട് ഹാർദിക്കിനെ സ്വന്തമാക്കാനാണ് കൊൽക്കത്ത മാനേജ്‌മെന്റിന്റെ ശ്രമം. നായകസ്ഥാനം ലഭിക്കുന്നതിനാൽ ഹാർദിക്കിനും ഈ ഡീലിൽ താൽപര്യമുണ്ട്. ഹാർദിക്കിനു പകരം ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ മുംബൈ കൊൽക്കത്തയോട് ആവശ്യപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ട്.