India vs Newzealand : ഹെന്റിയുടെ എന്‍ട്രി പണിയായി ഇന്ത്യയെ 89 റണ്‍സിന് ചുരുട്ടിക്കെട്ടി കിവികള്‍, 244 റണ്‍സിന്റെ വമ്പന്‍ തോല്‍വി
ഇന്ത്യന്‍ ബൗളര്‍മാരില്‍ അഖ്വിബ് നബി, ഗുര്‍ണൂര്‍ ബ്രാര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ 2 വീതം വിക്കറ്റ് വീഴ്ത്തി.
ന്യൂസിലന്‍ഡിനെതിരായ 5 ഏകദിന മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് വില്‍ യംഗിന്റെ സെഞ്ചുറികരുത്തില്‍ 333 റണ്‍സാണ് അടിച്ചെടുത്തത്. 58 റണ്‍സുമായി ടിം സെയ്ഫട്ടും 41 റണ്‍സുമായി ഫിന് അലനും മികച്ച പിന്തുണയാണ് യങ്ങിന് നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ അഖ്വിബ് നബി, ഗുര്‍ണൂര്‍ ബ്രാര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ 2 വീതം വിക്കറ്റ് വീഴ്ത്തി.
മികച്ച തുടക്കമായിരുന്നു ഓപ്പണര്‍മാരായ വില്‍ യംഗും ടിം സെയ്ഫര്‍ട്ടും ചേര്‍ന്ന് കിവികള്‍ക്ക് നല്‍കിയത്. ടിം സെയ്ഫര്‍ട്ടിന് പിന്നാലെ നിക്ക് കെല്ലിയേയും മടക്കി ഇന്ത്യ തിരിച്ചടിച്ചെങ്കിലും നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വില്‍ യംഗ്- ഫിന് അലന് സഖ്യം ന്യൂസിലന്‍ഡ് സ്കോര്‍ 200 കടത്തി. 30 ഓവറില്‍ തന്നെ 200 കടന്നെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് കിവികള്‍ക്ക് തിരിച്ചടിയായി. അവസാന ഓവറുകളില്‍ വാലറ്റക്കാര്‍ നടത്തിയ പ്രകടനമാണ് ന്യൂസിലന്‍ഡിന് 333 എന്ന മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
From 5-3 in 2019 to 0-3 in 2026. Matt Henry continues to give nightmares to Indian top order! https://t.co/mdYWwWYJk2
— Mufaddal Vohra (@mufaddal_vohra) November 13, 2026
അതേസമയം ഇന്ത്യയുടെ തുടക്കം തന്നെ പ്രയാസകരമായിരുന്നു. മറ്റ് ഹെന്റി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ, വിരാട് കോലി,ശ്രേയസ് അയ്യര്‍ എന്നീ മുന്‍നിരക്കാരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. ടീം സ്കോര്‍ 9 റണ്‍സിലെത്തിയപ്പോള്‍ റുതുരാജ് കൂടി പുറത്തായതോടെ ഇന്ത്യ വലിയ നാണക്കേടിന്റെ വക്കിലെത്തി. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന ഇഷാന് കിഷന്- അക്ഷര്‍ പട്ടേല്‍ കൂട്ടുക്കെട്ട് ടീം സ്കോര്‍ 50 കടത്തി. ടീം സ്കോര്‍ 53ല്‍ നില്‍ക്കെ അക്ഷര്‍ പട്ടേലിനെയും 61 റണ്‍സില്‍ നില്‍ക്കെ ഇഷാന് കിഷനെയും ഇന്ത്യയ്ക്ക് നഷ്ടമായി. ഇഷാന് കിഷന് 27 റണ്‍സും അക്ഷര്‍ പട്ടേല്‍ 21 റണ്‍സുമാണ് നേടിയത്. വാലറ്റക്കാരുമായി പൊരുതിയ നമന്‍ ധിറാണ് ഇന്ത്യന്‍ സ്കോര്‍ 89 റണ്സെങ്കിലുമെത്താന് സഹായിച്ചത്. 21 റണ്‍സാണ് നമന്‍ ധിര്‍ സ്വന്തമാക്കിയത്.
ആദ്യ ഓവറില്‍ തന്നെ വിരാട് കോലി, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരെ പുറത്താക്കികൊണ്ട് ഇന്ത്യയുടെ തലയറുത്ത മാറ്റ് ഹെന്റി 9.4 ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റുകളാണ് നേടിയത്. 7 ഓവറില്‍ 31 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ നേടിയ മാത്യു ഫിഷര്‍ താരത്തിന് മികച്ച പിന്തുണ നല്കി. 89 റണ്‍സില്‍ വീണതോടെ 244 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന നിലയിലാണ്. പരമ്പരയിലെ മൂന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
