സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനവുമായി ഇറ്റലി , ക്ലാസ് മുറികളിലെ വിദേശ വിദ്യാർഥികൾക്ക് 30 ശതമാനം പരിധി
വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണ്ണായകവും വിവാദപരവുമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കി ഇറ്റലി.
വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണ്ണായകവും വിവാദപരവുമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കി ഇറ്റലി. സ്കൂള്‍ ക്ലാസ് മുറികളില്‍ മുഖം മറയ്ക്കുന്ന ബുര്‍ഖയും നിഖാബും നിരോധിക്കുകയും, ഒന്നാം വര്‍ഷ ക്ലാസുകളില്‍ വിദേശ വംശജരായ വിദ്യാര്‍ത്ഥികളുടെ എണ്ണം 30 ശതമാനമായി പരിമിതപ്പെടുത്തുകയും ചെയ്യുന്ന 'ഡിക്രിറ്റോ സ്കോള' (Decreto Scuola) നിയമത്തിന് ഇറ്റാലിയന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് അംഗീകാരം നല്കി. 112 വോട്ടുകള്‍ക്കെതിരെ 142 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. നേരത്തെ നവംബര്‍ 20-ന് സെനറ്റും ഈ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു.
പുതിയ നിയമപ്രകാരം മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസ് മുറികളില്‍ ബുര്‍ഖയോ നിഖാബോ ധരിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. എന്നാല്‍ മുടി മാത്രം മറയ്ക്കുന്ന ഹിജാബിന് വിലക്കില്ല. അതേസമയം, ഇറ്റാലിയന്‍ ഭാഷയില്‍ മതിയായ പ്രാവീണ്യം നേടിയ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 30 ശതമാനം പരിധി ബാധകമായിരിക്കില്ലെന്ന് നിയമം വ്യക്തമാക്കുന്നു. സ്കൂള്‍ സംവിധാനവുമായി ഇണങ്ങിച്ചേരാന്‍ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളുടെ വിദേശികളായ മാതാപിതാക്കള്‍ക്ക് ഇറ്റാലിയന്‍ ഭാഷാ കോഴ്സുകള്‍ നല്‍കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ഒരു ഇറ്റാലിയന്‍ ക്ലാസ് മുറിയില്‍ ഇറ്റാലിയന്‍ കുട്ടികള്‍ തന്നെ ന്യൂനപക്ഷമായി മാറുന്നതും മൂലയിലേക്ക് ഒതുക്കപ്പെടുന്നതും അംഗീകരിക്കാനാവില്ലെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ ജോര്‍ജിയ മെലോണി വ്യക്തമാക്കി.
അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കുടിയേറ്റ നിയന്ത്രണവും സാംസ്കാരിക ഏകീകരണവും പ്രധാന രാഷ്ട്രീയ അജണ്ടയാക്കിയാണ് പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ നിയമത്തിനെതിരെ പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റില്‍ ശക്തമായി പ്രതിഷേധിച്ചു. 'സ്കൂളില്‍ ആരും വിദേശികളല്ല' എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷം വോട്ടെടുപ്പിനെ നേരിട്ടത്.
ഇതോടെ പൊതുസ്ഥലങ്ങളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ഫ്രാന്‍സ്, ബെല്‍ജിയം, ഓസ്ട്രിയ, ഡെന്മാര്ക്ക്, നെതര്‍ലാന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇറ്റലിയും ഇടംപിടിച്ചു.ALSO READ: അതിവേഗ നീക്കങ്ങളുമായി ഡിഎംകെ, അമിത് ഷായുമായി സന്ദർശനം നടത്തി കനിമൊഴി അടക്കമുള്ള നേതാക്കൾ
