യുഎസിനെതിരായ ആക്രമണപദ്ധതിയ്ക്ക് ഇറാൻ ഉപയോഗിച്ചത് സ്റ്റാർലിങ്ക്, വിവരമറിഞ്ഞ് മസ്ക് പൊട്ടിത്തെറിച്ചു!
അമേരിക്കന്‍ സൈന്യത്തിനെതിരായ ആക്രമണങ്ങള്‍ക്ക് ഇറാന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇറാന്‍ സ്റ്റാര്‍ലിങ്ക് സേവനം ഉപയോഗിച്ചതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
അനുമതിയില്ലാതെ സ്റ്റാര്‍ലിങ്കിന്റെ 2 ഉപയോഗങ്ങള്‍ ഇറാന്റെ സൈനികനീക്കങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് കമ്പനിയുടെ സംഘം കണ്ടെത്തിയതോടെ ഇലോണ്‍ മസ്‌ക് പൊട്ടിത്തെറിച്ചെന്ന് കമ്പനിയുടെ ആഭ്യന്തര കാര്യങ്ങളെ പറ്റി അറിവുള്ള 2 പേരെ ഉദ്ധരിച്ചാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ സൈന്യം സ്റ്റാാര്‍ലിങ്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തിന് സമര്‍പ്പിച്ച രഹസ്യറിപ്പോര്‍ട്ടിലും ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ടിനെ പറ്റി അറിവില്ലെന്നാണ് യുഎസ് പ്രതിരോധ വകുപ്പ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്. അതേസമയം ഇറാന്‍ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇറാനില്‍ സ്റ്റാര്‍ലിങ്കിന് പ്രവര്‍ത്തനാനുമതിയില്ലെങ്കിലും അവിടെ സേവനം ലഭ്യമാണെന്ന് മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് പ്രതിഷേധങ്ങള്‍ ഉണ്ടായ ഘട്ടത്തില്‍ ഇറാന്‍ ഭരണകൂടം പൊതുജനങ്ങള്‍ക്കുള്ള ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്ക ആയിരക്കണക്കിന് സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ ഇറാനില്‍ എത്തിച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
