1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Russia Charges Telegram Founder Pavel Durov Over Alleged Role in Ukrainian Spy Operations

യുക്രെയ്ൻ ചാരപ്രവർത്തനങ്ങൾക്ക് ആപ്പ് ഉപയോഗിച്ചു, ടെലഗ്രാം സ്ഥാപകൻ പാവൽ ഡുറേവിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി റഷ്യ

Pavel Durov, Telegram, Russia, Ukraine, FSB, Telegram Founder
ടെലഗ്രാം മെസേജിംഗ് ആപ്പിന്റെ സ്ഥാപകനും സിഇഒയുമായ പാവല്‍ ഡുറോവിനെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം നല്‍കിയെന്ന ഗുരുതരകുറ്റം ചുമത്തി റഷ്യ. ഉക്രെയ്‌ന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തങ്ങളുടെ റിക്രൂട്ട് പ്രവര്‍ത്തനങ്ങള്‍ക്കായി ടെലഗ്രാം ഉപയോഗിച്ചെന്നതാണ് റഷ്യയുടെ ആരോപണം. ഇതിന്റെ ഭാഗമായി ഡുറോവിനെ അന്താരാഷ്ട്ര വാണ്ടഡ് പട്ടികയില്‍  ഡുറോവിനെ ഉള്‍പ്പെടുത്താനുള്ള നടപടികളും ആരംഭിച്ചതായി റഷ്യ അറിയിച്ചു. 
 
 ടെലഗ്രാമിലെ ചില ബോട്ടുകളും ചാനലുകളും ഉപയോഗിച്ച് ഉക്രെയ്‌നുമായി ബന്ധപ്പെട്ട ശൃംഖലകള്‍ റഷ്യന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് നാല്പത്താറോളം റഷ്യക്കാരെ അറസ്റ്റ് ചെയ്തതായി റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ്(FSB)വ്യക്തമാക്കി. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് മറുപടിയായി എക്‌സില്‍ മിഡില്‍ ഫിംഗര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ടെലഗ്രാം പ്രതികരിച്ചത്. ഡുറോവോ ടെലഗ്രാമോ ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
 
റഷ്യയില്‍ ടെലഗ്രാം ഔദ്യോഗികമായി നിയന്ത്രണങ്ങള്‍ നേരിട്ടിരുന്നെങ്കിലും, VPN ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ആപ്പ് ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, സൈനികര്‍, സാധാരണ ഉപയോക്താക്കള്‍ എന്നിവരടക്കം വിവിധ വിഭാഗങ്ങള്‍ ടെലഗ്രാമിനെ ആശയവിനിമയത്തിനായി ആശ്രയിക്കുന്ന സാഹചര്യത്തിലാണ് ഡുറോവിനെതിരെ ഗുരുതരകുറ്റങ്ങള്‍ റഷ്യ ചുമത്തിയിരിക്കുന്നത്.
 
സ്വകാര്യതയ്ക്കും എന്‍ക്രിപ്ഷനുമുള്ള പ്രാധാന്യം കാരണമാണ് ടെലഗ്രാം ലോകമെമ്പാടും ഒരു ബില്യണിലധികം ഉപയോക്താക്കളുള്ള സന്ദേശവിനിമയ പ്ലാറ്റ്‌ഫോമായി വളര്‍ന്നത്. എന്നാല്‍ അതേ സമയം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിലെ പര്യാപ്തതയെ ചൊല്ലി വിവിധ രാജ്യങ്ങളില്‍ പ്ലാറ്റ്‌ഫോം വിമര്‍ശനവും അന്വേഷണങ്ങളും നേരിടുന്നുണ്ട്. 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എല്ലാമറിയുമെന്ന് കരുതുന്നവൻ വിഡ്ഡീ, വിഡ്ഡിയെ ദൈവത്തെ പോലെ കാണുന്നവർ അന്തഭക്ത്, രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ നീക്കി സ്പീക്കർ