ഓണത്തിന്‍റെ നൊമ്പരസ്മൃതികളില്‍ തിലകന്‍

WEBDUNIA|
ആ കിടപ്പ്‌ അങ്ങനെ മൂന്നാല്‌ ദിവസം തുടര്‍ന്നു. ഇതിനോടകം വീട്ടില്‍ നിന്ന്‌ എനിക്ക്‌ ഭക്ഷണമേ കിട്ടിയില്ല. ഞാന്‍ വിശന്ന്‌ വലഞ്ഞു. വിശപ്പ്‌ അസഹ്യമായി. ഞങ്ങള്‍ക്കന്ന്‌ കപ്പകൃഷിയുണ്ട്‌. ഞാന്‍ എഴുന്നേറ്റ്‌ തൊടിയില്‍ ചെന്ന്‌ കപ്പ ഒടിച്ച്‌ ഒരു സഞ്ചിയിലാക്കി. നേരെ പഴയ റിഹേഴ്‌സല്‍ ക്യാമ്പിലേയ്ക്ക്‌ നടന്നു. അവിടെ ഒരു മറിയച്ചേടത്തി ഉണ്ട്‌. ഞാന്‍ സ്കൂളില്‍ പോകുന്ന കാലത്ത്‌ അവരുടെ കൈയില്‍ നിന്നും വെള്ളം വാങ്ങിക്കുടിച്ചിട്ടുണ്ട്‌. എന്നോട്‌ അവര്‍ക്ക്‌ വലിയ സ്നേഹമാണ്‌.

കപ്പ വേവിച്ച്‌ തരാന്‍ ഞാന്‍ മറിയച്ചേടത്തിയോട്‌ പറഞ്ഞു. കപ്പയെന്തിനാ, നീ വന്ന്‌ ചോറ്‌ കഴിക്ക്‌ എന്നവര്‍ പറഞ്ഞു. ചോറു കൊണ്ട്‌ വയ്ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഈ അസ്വസ്ഥതകള്‍ക്കിടെയാണ്‌ അത്തവണ ഓണം വരുന്നത്‌. ഓണ ദിവസം നാടകത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പില്‍ നിന്നും ഞാന്‍ വീട്ടിലെത്തി. ആരും എന്നോട്‌ മിണ്ടാറില്ല. എനിക്ക്‌ വേണ്ടി ആരും ചോറ്‌ വയ്ക്കാറില്ല. എന്താണെന്ന്‌ ചോദിച്ചാല്‍ അരിയിടുമ്പോള്‍ വീട്ടിലുള്ളവര്‍ക്ക്‌ മാത്രമേ ചോറുള്ളൂ എന്ന്‌ അമ്മ മറുപടി പറയും. ആ സ്ഥിതിയാണ്‌.
എന്തായാലും ഓണമല്ലേ എനിക്ക്‌ ചോറ്‌ തരുമെന്ന്‌ കരുതി ഉണ്ണാന്‍ തയാറായി, ഞാന്‍ മുറിയിലിരിക്കുകയാണ്‌.

ആരെങ്കിലും വന്ന്‌ വിളിക്കുമെന്നെനിക്ക്‌ പ്രതീക്ഷയുണ്ട്‌. ആരും വന്നില്ല. എല്ലാവരും ഓണമുണ്ട്‌ തുടങ്ങിയോ എന്നെനിക്ക്‌ സംശയം തോന്നി. ഞാന്‍ ഊണുമുറിയിലേയ്ക്ക്‌ വന്നു. എല്ലാവരും ഉണ്ണാനിരിയ്ക്കുകയാണ്‌. എനിക്ക്‌ മാത്രം ഇല ഇട്ടിട്ടില്ല. ഇനി എന്നെ കാണാത്തതുകൊണ്ടായിരിക്കുമോ എന്ന്‌ വിചാരിച്ച്‌ എല്ലാവരുടെയും മുന്നിലൂടെ എന്നെ എക്സിബിറ്റ്‌ ചെയ്തു. എല്ലാവരും ഉണ്ട്‌ കഴിഞ്ഞു. എന്നെ വിളിച്ചില്ല. എന്റെ അവസ്ഥയെന്താണ്‌? ഞാന്‍ ആരാണ്‌? ഞാന്‍ എന്റെ മുറിയിലെ കട്ടിലില്‍ കണ്ണുമടച്ച്‌ കിടന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :