വിട പറഞ്ഞത് കരുത്തനായ നടന്‍

ചന്ദ്രദാസ്

WEBDUNIA|
PRO
ചേട്ടന്‍‌ബാവ നേരത്തേ പോയി, ഇപ്പോള്‍ അനിയന്‍ ബാവയും. മലയാള സിനിമയിലെ ശക്തിസ്തംഭങ്ങളിലൊന്നായിരുന്ന രാജന്‍ പി ദേവിന്‍റെ വേര്‍പാട് പരിഹരിക്കാനാകാത്ത നഷ്ടമാണ്. ഹാസ്യരസം കലര്‍ന്ന വില്ലന്‍ കഥാപാത്രങ്ങള്‍ തിരക്കഥാകാരന്‍റെ മനസില്‍ മുളയ്ക്കുമ്പോള്‍ അവയ്ക്കൊക്കെ ആദ്യരൂപം രാജന്‍ പി ദേവിന്‍റേതായിരുന്നു.

വഷളത്തം കലര്‍ന്ന ചിരിയും നിഷ്കളങ്കമായ പൊട്ടിച്ചിരിയും സ്നേഹം നിറഞ്ഞ പുഞ്ചിരിയുമൊക്കെ ആ മുഖത്ത് കഥാസന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് മിന്നിമറഞ്ഞു. ചീത്തവിളിച്ചും നെടുങ്കന്‍ ഡയലോഗുകള്‍ പറഞ്ഞും വില്ലനായി തകര്‍ത്താടിയിരുന്നയാള്‍ തന്നെ തൊട്ടടുത്ത സിനിമയില്‍ സ്നേഹത്തിന്‍റെ പ്രതിരൂപമായി.

അനിയന്‍ ബാവ ചേട്ടന്‍ ബാവയ്ക്ക് മുമ്പായിരുന്നു രാജന്‍ പി ദേവിന്‍റെ കൊടിയ വില്ലന്‍ വേഷങ്ങളൊക്കെ രൂപം കൊണ്ടിരുന്നത്. അതിനു ശേഷം രാജനില്‍ ഒരു നന്‍‌മയുടെ മുഖവും പ്രേക്ഷകന്‍ തിരിച്ചറിഞ്ഞു. ഇയാളില്‍ സ്നേഹം നിറഞ്ഞ ഒരു മനുഷ്യനുണ്ടെന്നും വലിയ കുഴപ്പക്കാരനല്ലെന്നുമുള്ള തോന്നല്‍ പ്രേക്ഷകനില്‍ ഉണ്ടായതു കാരണം വലിയ വില്ലത്തരമുള്ള വേഷങ്ങള്‍ രാജന്‍ പി ദേവിന് നല്‍കാന്‍ സംവിധായകര്‍ മടിച്ചു.

ആ പരുക്കന്‍ മുഖം വില്ലനേക്കാള്‍ കൂടുതല്‍ ചേരുക കോമഡിക്കഥാപാത്രങ്ങള്‍ക്കാണെന്ന് ചലച്ചിത്രകാരന്‍‌മാര്‍ തിരിച്ചറിഞ്ഞതിന്‍റെ ഫലമായിരുന്നു തൊമ്മനും മക്കളും, ഛോട്ടാമുംബൈ, സ്ഫടികം തുടങ്ങി ഒട്ടേറെ സിനിമയിലെ കഥാപാത്രങ്ങള്‍. ഒരു പ്രത്യേക ഇമേജില്‍ തളച്ചിടപ്പെടാതിരുന്നത് രാജനിലെ അഭിനേതാവിന് ഗുണമായി. ഏതു സിനിമയിലും രാജന്‍ പി ദേവിന് അഭിനയിക്കാന്‍ പാകത്തില്‍ ഒരു കഥാപാത്രം ഉണ്ടാകുമായിരുന്നു. അല്ലെങ്കില്‍, രാജനല്ലാതെ മറ്റാര്‍ക്കും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയാത്ത കഥാപാത്രങ്ങള്‍.

ഇന്ദ്രജാലത്തിലെ കാര്‍ലോസ് എന്ന കഥാപാത്രത്തിന്‍റെ ഇന്‍‌ഡ്രൊഡക്ഷന്‍ തന്നെ പ്രേക്ഷകനെ നടുക്കി. സത്താര്‍ അവതരിപ്പിച്ച പൊലീസുകാരനെ ഒരു കാറില്‍ ചങ്ങലയില്‍ കൊളുത്തി റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തുന്ന അതിക്രൂരമായ രംഗം. കാര്‍ലോസ് എന്ന ഭീകരന്‍ പ്രേക്ഷകരുടെ ഹൃദയത്തിലാണ് തറച്ചത്. എന്നാല്‍ അതിനൊരു മറുവശമുണ്ടായിരുന്നു. കാര്‍ലോസ് എന്ന കുടുംബസ്നേഹിയെയും നിസഹായനായ മനുഷ്യനെയും ആ ചിത്രത്തില്‍ നമ്മള്‍ കണ്ടു.

മൂക്കില്ലാരാജ്യത്ത് എന്ന സിനിമയില്‍ സിനിമാസംവിധായകനെന്ന ഭാവേന വരുന്ന തട്ടിപ്പുകാരന്‍, സ്ഥലത്തെ പ്രധാന പയ്യന്‍സിലെ അഴിമതിക്കാരനും അവസരവാദിയുമായ പൊലീസുകാരന്‍, ഏകലവ്യനിലെ ആഭ്യന്തരമന്ത്രി, രുദ്രാക്ഷത്തിലെ അധോലോക നായകന്‍, കമ്മീഷണറിലെ പൊലീസ് വേഷം, ദി കിംഗിലെ കിംഗ് മേക്കറായ രാഷ്ട്രീയക്കാരന്‍, മിസ്റ്റര്‍ ക്ലീനിലെ കുബുദ്ധിയായ ആശുപത്രി മുതലാളി, അഴകിയ രാവണനിലെ ദരിദ്രനും നിസഹായനുമായ പിതാവ്, അച്ചാമ്മക്കുട്ടിയുടെ അച്ചായനിലെ അച്ചായന്‍, ദീപസ്തംഭം മഹാശ്ചര്യത്തിലെ ദുഷ്ടനായ അമ്മാവന്‍, ക്രൈം ഫയലിലെ രാഷ്ട്രീയനേതാവ്, കരുമാടിക്കുട്ടനിലെ തമ്പുരാന്‍, പാണ്ടിപ്പടയിലെ കറുപ്പയ്യ, ചാന്തുപൊട്ടിലെ ജ്യോത്സ്യന്‍, ചോക്ലേറ്റിലെ സ്വാര്‍ത്ഥനാണെങ്കിലും സ്നേഹമുള്ള അച്ഛന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ രാജന്‍ പി ദേവിന്‍റെ മറക്കാനാവാത്ത കഥാപാത്രങ്ങളുടെ ഗണത്തില്‍ ചിലതു മാത്രം.

മമ്മൂട്ടി പറഞ്ഞതു പോലെ “തൊമ്മന്‍ പോയി... മക്കള്‍ അനാഥരായി”. രാജന്‍ പി ദേവ് മറഞ്ഞതോടെ മലയാള സിനിമ ഒരര്‍ത്ഥത്തില്‍ അനാഥമാകുകയാണ്. കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങള്‍ ഇനിയും സൃഷ്ടിക്കപ്പെടുമ്പോള്‍ അവയ്ക്ക് രൂപവും ഭാവവും നല്‍കാന്‍ രാജന്‍ എന്ന മഹാനടന്‍ ഇല്ല എന്നത് മലയാള സിനിമാലോകം ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത സത്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :