അതിലെ നായകന്റെ അഭിനയം തീരെ ശരിയാകുന്നില്ല. അയാളെ മാറ്റണമെന്ന് റിഹേഴ്‌സല്‍ ക്യാമ്പില്‍ അഭിപ്രായം ഉയര്‍ന്നു. റിഹേഴ്‌സലിന് വേണ്ടി പെട്രോള്‍മാക്സ് കൊടുത്ത ആളായത് കൊണ്ട് മാറ്റാന്‍ ബുദ്ധിമുട്ടുണ്ട്. അതിന്റെ പേരില്‍ തര്‍ക്കമായി. പെട്രോള്‍ മാക്സ് ഞങ്ങള്‍ നല്‍കാമെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. നായകനെ മാറ്റി, ഞാന്‍ നായകനായി.
റിഹേഴ്‌സല്‍ ക്യാമ്പിലെ എന്റെ അഭിനയം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. അന്നു വരെ അത്തരമൊരു അഭിനയം അവര്‍ കണ്ടിരുന്നില്ല. നാടകം നാട്ടില്‍ പലയിടത്തും കളിച്ചു. ഞാന്‍ കുറേശ്ശെ അറിയപ്പെടാന്‍ തുടങ്ങി. പലനാടക സമിതിക്ക് വേണ്ടിയും ഞാന്‍ നാടകം കളിച്ചു. ഞാന്‍ പ്രഫഷണല്‍ നടനായി മാറി.
ഞാന്‍ നാടകം കളിക്കുന്നത് വീട്ടിലാര്‍ക്കും ഇഷ്ടമല്ല. അമ്മയ്ക്കാണ് ഏറ്റവും ദേഷ്യം. അങ്ങനെയിരിക്കെ നാട്ടില്‍ എന്റെ ഒരു നാടകം വന്നു. ചങ്ങനാശേരിക്കാരായ സഹോദരിമാരായിരുന്നു അതിലെ നായികമാര്‍. നാടകം കണ്ടിട്ട് നാട്ടിലെ ചില സ്ത്രീകള്‍ അമ്മയോട് പറഞ്ഞു - കൂടെ അഭിനിയിച്ച പെണ്ണ് ഇവിടുത്തെ കുഞ്ഞിന് നന്നായി ചേരും എന്ന്.
നാടകം കഴിഞ്ഞ് ഞാന്‍ വീട്ടില്‍ വന്നു. അമ്മയെന്നോട് ഒന്നും മിണ്ടിയില്ല. ചോറുണ്ണാനിരുന്നു. ചോറിന് നല്ല അയലക്കറിയും. അമ്മ നന്നായി മീന്‍കറി വയ്ക്കും. പക്ഷേ, എനിക്ക് തന്ന മീന്‍കറിയ്ക്ക് ഉപ്പ് പോര. ഇതെന്താ ഉപ്പില്ലാത്തത് എന്ന് ഞാന്‍ ചോദിച്ചു. അമ്മ അത്രയും നേരം അടക്കിവച്ചിരുന്ന ദേഷ്യം മുഴുവന്‍ പുറത്തെടുത്തു. പാകത്തിന് ഉപ്പിട്ട് ഉണ്ടാക്കണമെങ്കില്‍ ചങ്ങനാശേരിയിലോട്ട് ചെല്ല്, അവിടുത്തെ പെണ്ണുങ്ങള്‍ തരുമെന്നൊരു പറച്ചില്‍. ഞാന്‍ ചോറും കറിയുമെല്ലാം വലിച്ചൊരേറും കൊടുത്ത് മുറിയില്‍ വന്ന് കിടന്നു.