ജീവിതം ഒരു അപാരസാഗരമാണ്. തിരമാലകള്‍ ആഞ്ഞടിക്കും, പാടും, തേങ്ങിക്കരയും. തീരത്ത് ഭയന്ന് നില്‍ക്കരുത്. ആഴത്തിലേയ്ക്ക് എടുത്ത് ചാടുക. പൊങ്ങിവന്നില്ലെന്ന് വരാം. വന്നാല്‍, കൈയില്‍ മുത്തുണ്ടായിരിക്കും - മലയാളത്തിലെ മഹാനടന് സംസാരിച്ച് തുടങ്ങുകയാണ്. മേല്‍പ്പറഞ്ഞ വാക്യങ്ങള്‍ 'തീ' എന്ന നാടകത്തിന് വേണ്ടി തിലകനെഴുതിയതാണ്.
ഓണത്തെപ്പറ്റി ഒരു അഭിമുഖം മലയാളം വെബ്ദുനിയയ്ക്ക് തരണമെന്ന് വിളിച്ചുപറഞ്ഞപ്പോള്‍ എനിക്ക് ഓണാഘോഷങ്ങളൊന്നുമില്ല എന്നാണ് തിലകന് പറഞ്ഞത്. 15 മിനിറ്റിനുള്ളില്‍ തീര്‍ത്തേക്കാം എന്ന് പറഞ്ഞപ്പോഴാണ് സമ്മതിച്ചത്. എന്നാല്‍ രണ്ടരമണിക്കൂറിലധികം ഞങ്ങളോട് സംസാരിച്ചിരിക്കാന്‍ അദ്ദേഹം തയാറായി. അനുഭവങ്ങളുടെ തീയും തിരതള്ളലും തിലകന് പങ്ക് വയ്ക്കുകയായിരുന്നു.
ഓണം ആഘോഷിക്കാത്തതിന്റെ കാരണങ്ങളെക്കുറിച്ച് തിലകന് സംസാരിക്കുന്നു.
ഓണം എനിക്ക് ആഘോഷമല്ല. ഇത് ഞാന്‍ പലയിടത്തും പറഞ്ഞിട്ടുള്ളതാണ്. പണ്ട് ആഘോഷിക്കുമായിരുന്നു. അന്ന് ഓണക്കാലത്ത് വീട്ടിലെല്ലാവരും ഒത്തുചേരുന്ന സമയമാണ്. ആ ഒത്തുചേരല്‍ ഒരു രസമാണ്. ഇത്തരം ഒത്തുചേരലിന് ഹിന്ദിയില്‍ മെഹ്ഫില്‍ എന്നാണ് പറയുക.