സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 19 നവംബര്‍ 2025 (12:01 IST)
ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം. ഭീകരര്‍ക്ക് പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ സഹായം ലഭിച്ചതായി അന്വേഷണം ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉമര്‍ വീഡിയോ ചിത്രീകരിച്ചതിന് പിന്നിലും ഐഎസ്‌ഐയുടെ പങ്ക് പരിശോധിക്കുന്നുണ്ട്. സ്‌ഫോടനത്തിനുശേഷം അല്‍ ഫലാഹ് സര്‍വ്വകലാശാലയിലെ മസ്ജിദിനോട് ചേര്‍ന്ന ഗേറ്റിലൂടെയാണ് ഉമര്‍ രക്ഷപ്പെട്ടത്.
ഫോണ്‍ ചാര്‍ജ് ചെയ്യാനായി ഒരു മെഡിക്കല്‍ സ്റ്റോറില്‍ കയറുന്നത് അടക്കമുള്ള ഉമറിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭിച്ചിട്ടുണ്ട്. അതേസമയം ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോണ്‍ ആക്രമണത്തിനെന്ന് റിപ്പോര്‍ട്ട്. ഡ്രോണ്‍ ആക്രമണത്തിന് ഭീകരര്‍ ലക്ഷ്യമിട്ടതിന് അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ചാവേറായ ഉമര്‍ ഷൂസില്‍ ബോംബ് പൊട്ടിക്കാനുള്ള ട്രിഗര്‍ ഘടിപ്പിച്ചിരുന്നു എന്നും സംശയിക്കുന്നുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട് കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് കടന്നിരിക്കുകയാണ് എന്‍ ഐ എ.
അതേസമയം ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ഡയറിക്കുറിപ്പുകള്‍ കിട്ടിയിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്ന് അബുഖാസ് എന്നയാളാണ് ഡോക്ടര്‍മാരെ നിയന്ത്രിച്ചത്. അതേസമയം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ ഉമര്‍ ഉപയോഗിച്ച ഫോണുകള്‍ കണ്ടെത്താനും ശ്രമം തുടരുകയാണ്.