ഉത്തര്‍പ്രദേശില്‍ ശക്തമായ കൊടുങ്കാറ്റും മഴയും; 60 പേര്‍ മരിച്ചു
ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളിലും ബുധനാഴ്ചയുണ്ടായ ശക്തമായ കൊടുങ്കാറ്റിലും കനത്ത മഴയിലും ഇടിമിന്നലിലും 60 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രയാഗ്രാജ്, കാണ്‍പൂര്‍ ദേഹത്ത്, ഫത്തേപൂര്‍ എന്നിവയുള്‍പ്പെടെ നിരവധി ജില്ലകളില്‍ നിന്ന് ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും മൂലം നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.
കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ദുരിതബാധിത ജില്ലകളില്‍ നിന്ന് കാര്‍ഷിക നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ നടത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദുരിതബാധിത കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു.
വിളനാശം കണക്കാക്കി നഷ്ടപരിഹാരം വേഗത്തില്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളില്‍ നിരവധി ജില്ലകളില്‍ കൂടുതല്‍ മഴ, ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവ ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.