ഗ്യാനേഷിനെ കുരുക്കുമോ കേരളം ?, മലേഷ്യൻ എഞ്ജിനിയറുടെ ആത്മഹത്യയിൽ അന്വേഷണം നടത്താൻ തീരുമാനം
മുഖ്യതിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ 2006 അദ്ദേഹത്തിനെതിരെ എടുത്ത വിജിലന്‍സ് കേസ് പുനരാരംഭിക്കാന്‍ തീരുമാനം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണിത്. അങ്കമാലി- തിരുവനന്തപുരം എം ജി റോഡ് വികസനത്തിന് കരാറെടുത്ത മലേഷ്യന്‍ കമ്പനിയുടെ എഞ്ജിനിയര്‍ ലീ സീ ബീന്റെ ആത്മഹത്യ ഗ്യാനേഷ് കുമാറിന്റെ ഇടപെടല്‍ കാരണമാണെന്നാണ് കേസിന്റെ അടിസ്ഥാനം.
എസ്‌ഐആറിലൂടെ 13 കോടി വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയ മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിന്റെ തീരുമാനത്തില്‍ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ നടത്തുമ്പോഴാണ് കേരള സര്‍ക്കാറിന്റെ ഈ തീരുമാനം. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അന്നത്തെ ഫയലുകളുടെ പ്രാഥമിക പരിശോധനയിലാണ് വിജിലന്‍സ്. ഭരണഘടനാപദവിയില്‍ ഗ്യാനേഷ് എത്തുന്നതിന് മുന്‍പുള്ള കേസായതിനാല്‍ നിലവില്‍ ഇതിന് അന്വേഷണതടസ്സമുണ്ടാകില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
കേസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നിര്‍വാഹകസമിതി അംഗം മലയിന്‍കീഴ് വേണുഗോപാല്‍ നല്‍കിയ പരാതിയിലാണ് നടപടി. എഞ്ജിനിയറുടെ ആത്മഹത്യയില്‍ ഗ്യാനേഷിന്റെ ഇടപെടലുണ്ടായതായി അന്നത്തെ ധനമന്ത്രിയായ ഡോ തോമസ് ഐസക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കേരളത്തിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അഴിമതി റോഡ് നിര്‍മാണം നീട്ടിയതോടെയായിരുന്നു മലേഷ്യന്‍ എഞ്ജിനിയറുടെ ആത്മഹത്യ.ആത്മഹത്യാകുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമുണ്ടായിരുന്നെങ്കിലും ഗ്യാനേഷ് കുമാറിനെ സ്ഥലം മാറ്റിയത് മാത്രമായിരുന്നു ശിക്ഷാ നടപടി. ലീ സീ ബിന്‍ സര്‍ക്കാരിനയച്ച കത്തുകളിലും ഗ്യാനേഷിന്റെ ഇടപെടലുകളെ പറ്റി പരാമര്‍ശമുണ്ട്.ALSO READ: ശ്രീലേഖയെ അനുനയിപ്പിക്കാൻ കൊണ്ട് പിടിച്ച ശ്രമങ്ങളുമായി ബിജെപി, നാളെ രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തും
