യുവാക്കൾ പാർട്ടിയിൽ നിന്നും അകലുന്നു, ഘടകങ്ങൾ നിർജീവം: സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തൃശൂർ ജില്ലാ കമ്മിറ്റി
പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിക്കെതിരെയും നേതൃത്വത്തിന്റെ ശൈലിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി സിപിഎമ്മിന്റെ തൃശൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം. പാര്‍ട്ടിയില്‍ നിന്നും വര്‍ഗ- ബഹുജന സംഘടനകളില്‍ നിന്നും വന്‍ തോതില്‍ യുവാക്കള്‍ അകലുകയാണെന്നും താഴേത്തട്ടിലെ ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികള്‍ പലതും നിര്‍ജീവമായ അവസ്ഥയിലാണെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.
ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ച ശേഷം നടന്ന ഗ്രൂപ്പ് ചര്‍ച്ചകളിലും പൊതുചര്‍ച്ചയിലുമാണ് നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്. നിയമസഭാ തിരെഞ്ഞെടുപ്പുകളില്‍ മുന്‍ തവണത്തേതിനേക്കാള്‍ പാര്‍ട്ടി പിന്നോക്കം പോയതിലും പരമ്പരാഗത വോട്ടുബാങ്കുകളില്‍ നേട്ടം ഉണ്ടാക്കാനാകാതെ പോയതിലുമുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ജില്ലാ- സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.
നേതാക്കള്‍ക്ക് താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുമായുള്ള ജൈവികമായ ബന്ധമില്ലാതെയായെന്നും കീഴ്ഘടകങ്ങളുടെ ചുമതലയേറ്റെടുക്കാന്‍ പല നേതാക്കളും വിമുഖത കാട്ടുന്നതായും വിമര്‍ശനമുയര്‍ന്നു. പുതിയ തലമുറയിലെ യുവാക്കളെ പാര്‍ട്ടിയോട് അടുപ്പിച്ച് നിര്‍ത്താന്‍ നിലവിലെ സംവിധാനങ്ങള്‍ക്കാകുന്നില്ല എന്നത് ഗൗരവകരമായി കാണണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
സിപിഐക്കെതിരെയും യോഗത്തില്‍ കടുത്ത അതൃപ്തി ഉയര്‍ന്നു. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ സിപിഐക്കുള്ളില്‍ നിലനിന്ന ആഭ്യന്തര തര്‍ക്കങ്ങളും ചേരിപോരുമാണ് അവിടെ തോല്‍ക്കാന്‍ കാരണമായതെന്നും തൃശൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. തെറ്റുകള്‍ തിരുത്തി അടിത്തറ ശക്തമാക്കാനുള്ള നടപടികള്‍ നേതൃത്വം സ്വീകരിക്കണമെന്നതാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന ആവശ്യം.
