നോവല്‍ സ്വരൂപമായ കെ.സുരേന്ദ്രന്‍

ജനനം 1922 മാര്‍ച്ച് 23, മരണം 1977ആഗസ്ത് 9

WEBDUNIA|
ഹൃദയം ചൂണ്ടിക്കാണിക്കുന്ന വഴിക്കു മാത്രം സഞ്ചരിക്കുകയും ആ ഏകാകിതയെ ഒരു ഹര്‍ഷോന്മാദം പോലെ അനുഭവിക്കുകയും യാത്രയുടെ അവസാനത്തില്‍ കാത്തിരിക്കുന്നത് ദുരിതമാണെങ്കില്‍ അതിനെയും ആ ഹര്‍ഷോന്മാദത്തിന്‍റെ ഭാഗമാക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് സുരേന്ദ്രന്‍റെ നോവലുകളില്‍ ഏറെയുള്ളത് എന്ന് പ്രമുഖ നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ നിരീക്ഷിക്കുന്നു.

ഹൃദയം, അതിനകത്തെ ഉള്‍പ്പോരുകള്‍ അതാണ് സുരേന്ദ്രന്‍ നോവലില്‍ പകര്‍ത്തുന്നത്. ഹൃദയരഹസ്യങ്ങള്‍ പൊട്ടിത്തെറിക്കുന്ന മൗനഭരിതമായ നിമിഷങ്ങള്‍ അദ്ദേഹത്തിന്‍റെ നോവലുകളെ സുന്ദരമാക്കുന്നു. മനുഷ്യ മനസ്സ് എപ്പോഴും വാനരന്‍റേതാണെന്ന് കാട്ടുകുരങ്ങും സീമ, ദേവി തുടങ്ങിയ നോവലുകളിലെ കഥാപാത്രങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

സ്വന്തം മകളാവാന്‍ പ്രായമുള്ള പാട്ടുകാരി പെണ്‍കുട്ടിയോട് വിവാഹിതനും പിതാവുമായ നായകന് തോന്നുന്ന ഉള്‍ക്കടമായ അഭിനിവേശമാണ് കാട്ടുകുരങ്ങിലെ ഇതിവൃത്തം. മരണം ദുര്‍ബ്ബലത്തില്‍ പ്രായക്കൂടുതലുള്ള കവിയോട് പ്രണയപാരവശ്യം സൂക്ഷിക്കുന്ന പെണ്‍കുട്ടിയെ കാണാം.

ഒരു പക്ഷെ മരണം ദുര്‍ബ്ബലമാവാം സുരേന്ദ്രന്‍റെ ഏറ്റവും മികച്ച നോവല്‍. ആശയപരമായ ഗാംഭീര്യവും അവതരണത്തിന്‍റെ ആര്‍ജ്ജവവും ഹൃദയാഭിലാഷങ്ങളുടെ ചാരുതയും വിശുദ്ധിയും ആ നോവലില്‍ അനുഭവപ്പെടും.

ശ്രീനാരായണ ഗുരുദേവന്‍റെ ജീവിതത്തിലൂടെയുള്ള ഒരു സഞ്ചാരമാണ് ഗുരു എന്ന നോവല്‍. അദ്ദേഹത്തിന്‍റെ കാട്ടുകുരങ്ങ്, മായ, ദേവി തുടങ്ങിയ നോവലുകള്‍ സിനിമയായിട്ടുണ്ട്. മരണം ദുര്‍ബ്ബലം ടി.വി സീരിയലായും പുറത്തുവന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :