കോഴിക്കോട് |
M. RAJU|
Last Modified തിങ്കള്‍, 9 ജൂണ്‍ 2008 (16:08 IST)
സ്‌പെഷ്യല്‍ ബ്രാഞ്ച് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ മൊഴിയെടുത്തു. രജനി എസ്. ആനന്ദിന്‍റെ മരണത്തില്‍ എസ്.എഫ്.ഐ നേതാവിനു പങ്കുണ്ടെന്ന് ആരോപണ ഉയര്‍ത്തിയ സാഹചര്യത്തിലാണിത്.
സ്പെഷ്യല്‍ ബ്രാഞ്ച് കോഴിക്കോട് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ. ജയേന്ദ്രന്റെനേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സുരേന്ദ്രന്‍ താമസിക്കുന്ന കോഴിക്കോട്ടെ അളകാപുരി ഹോട്ടലിലെത്തിയാണ് സ്പെഷ്യല്‍ ബ്രാഞ്ച് മൊഴിയെടുത്തത്. രജനിയുടെ മരണത്തിന് കാരണക്കാരനായ എസ്.എഫ്.ഐ നേതാവ് ആരാണെന്നായിരുന്നു സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ ചോദ്യം.
എന്നാലിതിന് കൃത്യമായ മറുപടി സുരേന്ദ്രന്‍ നല്‍കിയില്ല. തനിക്ക് പറയാനുള്ളതെല്ലാം താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞുവെന്നായിരുന്നു സുരേന്ദ്രന്‍റെ മറുപടി. കൂടുതല്‍ കാര്യങ്ങള്‍ പൊലീസാണ് അന്വേഷിക്കേണ്ടത്. ഇതിന് മറുപടി നല്‍കേണ്ടത് സര്‍ക്കാരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് മുതിരാതെ പൊലീസ് സ്ഥലം വിട്ടു. സുരേന്ദ്രനെ യാദൃശ്ചികമായി കണ്ടതാണെന്നാണ് കമ്മീഷണര്‍ നല്‍കിയ വിശദീകരണം.