മനുഷ്യബന്ധങ്ങളുടെയും മനോവ്യാപാരങ്ങളുടെയും തീവ്രവും സമഗ്രവുമായ അവതരണമാണ് കെ.സുരേന്ദ്രന്‍റെ നോവലുകളെ വേറിട്ട് നിര്‍ത്തുന്നത്. ആഖ്യാനങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും, കഥാപാത്രങ്ങളെയും മനോവ്യാപാരങ്ങളെയും അവതരിപ്പിക്കുന്നതിനു പകരം സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുകയാണ് സുരേന്ദ്രന്‍റെ ശൈലി.
പലപ്പോഴും ജീവചരിത്രപരമായ സമീപനമാണ് അദ്ദേഹം കൈക്കൊള്ളാറുള്ളത്. അദ്ദേഹത്തിന്‍റെ പല നോവലുകളിലും അതെഴുതിയ കാലത്ത് ജീവിച്ചിരിക്കുന്നവര്‍ പോലും കഥാപാത്രങ്ങളായി വന്നിട്ടുണ്ട്. ഒട്ടേറെ വന്പന്‍ കഥാപാത്രങ്ങള്‍ സുരേന്ദ്രന്‍ കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്.
സുദീര്‍ഘമായ ജീവിതകാലഘട്ടത്തിനിടയില്‍ അദ്ദേഹം സാഹിത്യത്തിന്‍റെ വിവിധ മേഖലകളില്‍ രചനകള്‍ നടത്തി. സിനിമാനിരൂപണം, സാമൂഹിക വിമര്‍ശനം. നോവല്‍, നാടകം, തര്‍ജ്ജമ, ജീവചരിത്രം, ആത്മകഥ എന്നിവയിലെല്ലാം അദ്ദേഹം കൈ വച്ചിട്ടുണ്ട്.
ഒടുവില്‍ നോവല്‍, നോവല്‍ മാത്രമാണ് തന്‍റെ നിലപാടു തറ എന്നദ്ദേഹം തിരിച്ചറിഞ്ഞു. കൂടാതെ നോവല്‍ രചനയുടെയും നോവല്‍ പഠനത്തിന്‍റെയും അനുഭവങ്ങള്‍ വിവരിക്കുന്ന നോവല്‍ സ്വരൂപം എന്നൊരു ഗ്രന്ഥം കൂടി അദ്ദേഹം എഴുതിയിട്ടുണ്ട്.