മിസ്സിസ്സ് സരോജകുമാര്‍ എന്ന തൂലികാ നാമത്തിലാണ് കെ.സുരേന്ദ്രന്‍ എഴുതിത്തുടങ്ങിയത്. ഗദ്യകവിതകളും ചില സിനിമാ നിരൂപണങ്ങളും സാമൂഹിക വിമര്‍ശനങ്ങളും നടത്തി. പിന്നീട് നാടകത്തിലേക്ക് തിരിഞ്ഞപ്പോല്‍ യഥാര്‍ത്ഥ പേര് ഉപയോഗിക്കേണ്ടിവന്നു.
എട്ടാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ നോവല്‍ എഴുതിക്കൊണ്ടാണ് സുരേന്ദ്രന്‍റെ തുടക്കം. ഒന്‍പതാം ക്ളാസ്സില്‍ ആയപ്പോള്‍ ടാഗോറിന്‍റെ ചിത്രനാടകം തര്‍ജ്ജുമ ചെയ്തു. പിന്നെയാണ് സരോജ് കുമാറെന്ന പേരുമാറ്റം. ബലി എന്നപേരില്‍ സ്വന്തമായൊരു നാടകമെഴുതി. പിന്നെ പളുങ്കുപാത്രം, അരക്കില്ലം, പാനപാത്രത്തിലെ കൊടുങ്കാറ്റ് തുടങ്ങി അഞ്ച് നാടകങ്ങള്‍ എഴുതി.
ജീവചരിത്രമായിരുന്നു സുരേന്ദ്രന്‍റെ ഇഷ്ടവിഷയങ്ങളിലൊന്ന്. 1953 ല്‍ ടോള്‍സ്റ്റോയുടെ കഥ അദ്ദേഹം പ്രസിദ്ധീകരിച്ചു. നോവലിസ്റ്റ് ആയി ലബ്ധപ്രതിഷ്ഠനായശേഷം ദസ്തേവിസ്കിയുടെ കഥ, കുമാരനാശാന്‍ എന്നീ ജീവചരിത്രങ്ങള്‍ കൂടി സുരേന്ദ്രനെഴുതി.
സാഹിത്യരചനയ്ക്കു വേണ്ടി ജോലി ഉപേക്ഷിച്ച ആളാണ്. പി ആന്‍റ് റ്റി യിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 1960 ല്‍ ആദ്യ നോവലായ താളം പുറത്തുവന്നു. പിന്നീടാണ് കാട്ടുകുരങ്ങെന്ന ശക്തമായ നോവലിന്‍റെ പിറവി. നാദം, സീമ, ശക്തി,അതാകം, ഭിക്ഷാംദേഹി, ഗുരു തുടങ്ങിയവയാണ് മറ്റു പ്രധാന നോവലുകള്‍. ജീവിതവും ഞാനും ആണ് ആത്മകഥ.
മറ്റു ബന്ധങ്ങളുടെയോ വിശ്വാസങ്ങളുടെയോ കീഴ്വഴക്കങ്ങളുടെയോ ഞെരുക്കങ്ങളീല്‍ നിന്ന് സ്വത്വ ബോധത്തോടെ കുതറി മാറുന്നവരുടെ ഒരു ലോകമാണ് കെ.സുരേന്ദ്രന്‍റെ കഥാപ്രപഞ്ചം.