Thrissur Pooram: തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കിയേക്കും, മരണസംഖ്യ ഉയരും
ഡിഎൻഎ പരിശോധന വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു
Thrissur Pooram: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഇതിൽ ഒൻപത് പേരെ തിരിച്ചറിഞ്ഞു. പരുക്കേറ്റ് 13 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ പത്തു പേർ തീവ്രപരിചരണ വിഭാഗത്തിലും രണ്ട് പേർ വെന്റിലേറ്ററിലുമാണ്. അഞ്ച് മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടം പൂർത്തിയാക്കി വിട്ടുനൽകി.
ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ അവസ്ഥയിൽ ആയതിനാൽ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിയൽ വെല്ലുവിളിയാണെന്ന് ഫൊറൻസിക് വിഭാഗം ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ അറിയിച്ചു. ഡിഎൻഎ പരിശോധന വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ മരണസംഖ്യ രണ്ടക്കം കടന്നതിനാൽ തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കിയേക്കും. തുടർനടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിക്കട്ടെ എന്ന നിലപാടാകും തിരുവമ്പാടി ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തിൽ കൂടിയാലോചന നടത്തും. വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്ന നിർദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ അക്കാര്യത്തിൽ ദേവസ്വങ്ങൾ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്‌കാരത്തിനും സഹായം എത്തിക്കുന്നതിനും മുൻഗണനയെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്.