'തൂക്കിക്കൊല്ലലിനു പകരം വേദന കുറഞ്ഞ രീതികള്‍ നടപ്പാക്കില്ല'; വധശിക്ഷാ രീതി സംബന്ധിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് തൂക്കിലേറ്റുന്ന രീതിക്ക് പകരം കുത്തിവയ്പ്പ് (lethal injection) പോലുള്ള വേദന കുറഞ്ഞ രീതികള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. വിഷയത്തിന്റെ ഭരണഘടനാപരമായ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് രാജ്യത്ത് വധശിക്ഷ തൂക്കിക്കൊല്ലല്‍ വഴിയുള്ള രീതിയില്‍ തന്നെ തുടരുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഈ വിഷയത്തിലെ മുന്‍കാല വിധികള്‍ പുനഃപരിശോധിക്കുന്നതിനായി വിഷയം വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി. അഭിഭാഷകനായ റിഷി മല്‍ഹോത്രയാണ് ഈ ഹര്‍ജി സമര്‍പ്പിച്ചത്. തൂക്കിക്കൊല്ലലിന് പകരമായി കുത്തിവയ്പ്പ് (lethal injection), വെടിവയ്പ്പ്, വൈദ്യുതാഘാതം ഏല്‍പ്പിക്കല്‍, വിഷവാതകം നിറഞ്ഞ മുറിയില്‍ പാര്‍പ്പിക്കല്‍ തുടങ്ങിയ രീതികള്‍ പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇത്തരം രീതികളിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിക്കാമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തൂക്കിലേറ്റുന്നത് അങ്ങേയറ്റം വേദനാജനകവും മനുഷ്യത്വരഹിതവും ക്രൂരവുമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തൂക്കിലേറ്റുന്ന രീതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണം. അന്തസ്സോടെയുള്ള മരണം ഒരു മൗലികാവകാശമായി കണക്കാക്കണം. തൂക്കിലേറ്റലിലൂടെ മരണം സംഭവിക്കാന്‍ 40 മിനിറ്റ് സമയമെടുക്കുമ്പോള്‍ വെടിവെച്ചോ മാരകമായ കുത്തിവയ്പ്പ് (lethal injection) വഴിയോ ഉള്ള മരണത്തിന് അഞ്ച് മിനിറ്റ് മാത്രമേ എടുക്കൂ. വധശിക്ഷ കഴിയുന്നത്ര വേദനയില്ലാത്ത രീതിയില്‍ നടപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രമേയം അനുശാസിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. തൂക്കിക്കൊല്ലുന്ന രീതിക്ക് പകരമുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകള്‍ ഹാജരാക്കിയാല്‍ ഭാവിയില്‍ ഇക്കാര്യം പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. സമഗ്രമായ ഒരു അവലോകനം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യമുണ്ടെങ്കില്‍ അതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കാമെന്നും കോടതി പറഞ്ഞു.