'സുഗതന് സത്യപ്രതിജ്ഞ ജയിലിൽ'; അനുമതി നൽകാൻ ആഭ്യന്തര വകുപ്പ്
കാപ്പാ കേസിൽ പ്രതിയായ സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിലാണ് ശിക്ഷ അനുഭവിക്കുന്നത്
തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ ആർ.സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്താം. ചട്ടപ്രകാരം ജയിലിൽ സത്യപ്രതിജ്ഞ നടത്തുന്നതിൽ തടസമില്ലെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിക്കും.
കാപ്പാ കേസിൽ പ്രതിയായ സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിലാണ് ശിക്ഷ അനുഭവിക്കുന്നത്. ജയിലിൽ നിന്ന് പുറത്തുവിടാൻ ആകാത്ത സാഹചര്യമാണെന്നും സത്യപ്രതിജ്ഞ ജയിലിൽ വെച്ച് നടത്താമെന്നും ആഭ്യന്തര വകുപ്പ് കോടതിയിൽ നിലപാട് അറിയിക്കും.
സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് സുഗതൻ നൽകിയ ഹർജിയിലാണ് മറുപടി. സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലികമായി ജയിലിൽ നിന്ന് വിട്ടയക്കണം എന്നാവശ്യപ്പെട്ടാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. നാളെ രാവിലെ 11 മണിക്കാണ് സുഗതന്റെ സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞയിൽ ചട്ടലംഘനം നടന്നതിനാൽ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയും റദ്ദാക്കിയിരുന്നു. ഇതിൽ 19 പേർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സുഗതനാണ് ഇനി സത്യപ്രതിജ്ഞ ചെയ്യാനുള്ളത്.