ഷിഗെല്ല കേസുകൾ ഉയരുന്നു; ആരോഗ്യവകുപ്പ് പ്രതിസന്ധിയിൽ
2024 ൽ 121 പേർക്കും 2023 ൽ 90 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു
സംസ്ഥാനത്ത് ഷിഗെല്ല ആശങ്ക ഉയരുന്നു. ഈ വർഷം രോഗം സ്ഥിരീകരിച്ചത് 114 പേർക്കാണ്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 54 പേർക്കായിരുന്നു രോഗം. 2025 ൽ മുഴുവനായി എടുത്താൽ ആകെ രോഗികളുടെ എണ്ണം 132 ആണ്. ഇത്തവണ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്ന ആശങ്കയും ഉണ്ട്.
2024 ൽ 121 പേർക്കും 2023 ൽ 90 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതൽ ജില്ലകളിലേക്ക് രോഗം പടരുന്നത് അസാധാരണ സാഹചര്യമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
വയനാട്ടിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത് ഒൻപത് കുട്ടികൾക്കാണ്. ഇന്നലെയാണ് ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. നിലവിൽ 502 കുട്ടികളാണ് കോളിയാടി സ്‌കൂളിൽ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുള്ളത്. നിലവിൽ 47 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്.
അതേസമയം, സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാൻ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്‌കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.