1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Severe allergic reactions are possible when antivenom is administered

ആന്റിവെനം നല്‍കുമ്പോള്‍ തീവ്രമായ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളുണ്ടാകാന്‍ സാധ്യത; അടിസ്ഥാന സൗകര്യമില്ലെങ്കില്‍ രോഗിയുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാകും

vaccine
സംസ്ഥാനത്ത് പാമ്പ് കടിമൂലമുള്ള മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം അതീവ ഗുരുതരമാണ്. പാമ്പുകടി ചികിത്സയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രായോഗികമായ വെല്ലുവിളികളും രോഗി സുരക്ഷയെ ബാധിക്കുന്ന ഗൗരവകരമായ സാഹചര്യങ്ങളും പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. പാമ്പുകടിയേറ്റ രോഗികള്‍ക്ക് ആന്റി സ്‌നേക്ക് വെനം (ASV) നല്‍കുന്ന സമയത്ത് രോഗിക്ക് മാരകമായ Anaphylaxis അഥവാ തീവ്രമായ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരമൊരു അടിയന്തര ഘട്ടത്തില്‍ രോഗിയെ നിരന്തരം നിരീക്ഷിക്കാനും അലര്‍ജി മൂലമുണ്ടാകുന്ന ശ്വാസതടസ്സമോ ഹൃദയസ്തംഭനമോ പോലുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനും വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളുടെ ലഭ്യതയും ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സാന്നിധ്യവും അനിവാര്യമാണ്. 
 
നിലവില്‍ കേരളത്തിലെ ഭൂരിഭാഗം സര്‍ക്കാര്‍ ആശുപത്രികളിലെയും അത്യാഹിത വിഭാഗങ്ങള്‍ അമിതമായ തിരക്കുകൊണ്ട് ശ്വാസംമുട്ടുന്ന അവസ്ഥയിലാണ്. അടിയന്തര ചികിത്സ ആവശ്യമില്ലാത്ത ഒട്ടേറെ രോഗികള്‍ കാഷ്വാലിറ്റിയില്‍ എത്തുന്നതുകാരണം ഒരൊറ്റ ഡോക്ടര്‍ മാത്രം ഡ്യൂട്ടിയിലുള്ള സാഹചര്യത്തില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് അര്‍ഹമായ ശ്രദ്ധയും സമയവും നല്‍കാന്‍ സാധിക്കാതെ വരുന്നു. നൂറുകണക്കിന് രോഗികളെ ഒരേസമയം പരിശോധിക്കുന്നതിനിടയില്‍ ആന്റി വെനം നല്‍കിയ ഒരു രോഗിയെ മാത്രം നിശ്ചിത സമയത്തേക്ക് സൂക്ഷ്മമായി നിരീക്ഷിക്കുക എന്നത് മനുഷ്യസാധ്യമായ ഒന്നല്ല. 
 
മാരകമായ അലര്‍ജി റിയാക്ഷനുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ജീവന് ഭീഷണിയായേക്കാം എന്നതിനാല്‍, വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു സംവിധാനമോ അല്ലെങ്കില്‍ കൃത്യമായ നിരീക്ഷണ സംവിധാനമോ ഇല്ലാത്ത സാഹചര്യത്തില്‍ പ്രസ്തുത മരുന്ന് നല്‍കുന്നത് രോഗിയുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാക്കാന്‍ മാത്രമേ ഉപകരിക്കൂ. ഈ പരിമിതികള്‍ നിലനില്‍ക്കേ, രോഗിക്ക് കൂടുതല്‍ വിദഗ്ധമായ പരിചരണം ഉറപ്പാക്കാനാണ് ഡോക്ടര്‍മാര്‍ ഉയര്‍ന്ന ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രിയാക്കണമെന്ന് ടി.പി.സെൻകുമാർ