1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PV Anvar UDF entry

PV Anvar: 'അന്‍വര്‍ അവിടെ നില്‍ക്കട്ടെ'; കൈവിട്ട് യുഡിഎഫ്, മുന്നണി പ്രവേശനം നീളും

ഇപ്പോള്‍ മുന്നണിയിലെടുത്താല്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതിലും അധികം വോട്ടുകള്‍ പിടിച്ചതുകൊണ്ട് യുഡിഎഫ് അന്‍വറിനു വഴങ്ങുന്നു എന്നൊരു പ്രതീതി ഉണ്ടായേക്കും

PV Anvar UDF entry, PV Anvar, Congress, Congress supporters against PV Anvar, PV Anvar and Congress, UDF, പി.വി.അന്‍വര്‍, കോണ്‍ഗ്രസ്, യുഡിഎഫ്, അന്‍വറിനെതിരെ കോണ്‍ഗ്രസ്‌
VD Satheesan and PV Anvar

PV Anvar: പി.വി.അന്‍വറുമായി സഹകരിക്കുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനം വൈകും. മുന്നണിക്കുള്ളില്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം മാത്രം അന്തിമ തീരുമാനം മതിയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ തീരുമാനം. അന്‍വറിനു മുന്നില്‍ വാതില്‍ തുറക്കാനും അടയ്ക്കാനും സാധ്യതയുണ്ടെന്ന കെപിസിസി അധ്യക്ഷന്റെ പ്രസ്താവനയില്‍ സതീശനു അതൃപ്തിയുണ്ടെന്നാണ് വിവരം. 
 
ഇപ്പോള്‍ മുന്നണിയിലെടുത്താല്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതിലും അധികം വോട്ടുകള്‍ പിടിച്ചതുകൊണ്ട് യുഡിഎഫ് അന്‍വറിനു വഴങ്ങുന്നു എന്നൊരു പ്രതീതി ഉണ്ടായേക്കും. ഇത് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും അന്‍വര്‍ കൂടുതല്‍ ഉപാധികള്‍ വയ്ക്കാന്‍ കാരണമാകും. അതിനാല്‍ സാഹചര്യങ്ങള്‍ വിശദമായി പഠിച്ച ശേഷം മാത്രം ഇക്കാര്യത്തില്‍ തീരുമാനം മതിയെന്നാണ് സതീശന്റെ നിലപാട്. നിലമ്പൂര്‍ മണ്ഡലത്തില്‍ അന്‍വര്‍ ഇല്ലാതെയും ജയിക്കാന്‍ സാധിച്ചതിനാല്‍ നിലമ്പൂരിനു പുറത്തും അന്‍വര്‍ വലിയ തലവേദനയാകില്ലെന്ന് യുഡിഎഫ് നേതൃത്വം കരുതുന്നു. 
 
അന്‍വറിനെ യുഡിഎഫിലേക്ക് അടുപ്പിക്കരുതെന്ന നിലപാടിലാണ് ബഹുഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ അന്‍വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അനുയായികള്‍ വിയോജിപ്പ് പര്യമാക്കിയത്. 'വായില്‍ തോന്നിയത് കോതയ്ക്കു പാട്ട്' എന്ന രീതിയാണ് അന്‍വറിന്റേത്. കെട്ടുറപ്പോടെ മുന്നോട്ടുപോകുന്ന മുന്നണിയിലേക്ക് അന്‍വര്‍ എത്തിയാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. തോന്നുമ്പോഴൊക്കെ രാഷ്ട്രീയ നിലപാട് മാറ്റുന്ന അന്‍വര്‍ മുന്നണിയില്‍ തലവേദന സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ് അനുഭാവികള്‍ പറയുന്നു. 
 
' സ്വന്തം നിലനില്‍പ്പ് മാത്രമാണ് അന്‍വറിന്റെ ലക്ഷ്യം. പിണറായിസത്തിനെതിരായ പോരാട്ടമെന്നു പറഞ്ഞ് എല്‍ഡിഎഫ് വിട്ടുവന്ന അന്‍വര്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അത്യന്തം നീചമാണ്. അങ്ങനെയൊരു അവസരവാദിയെ മുന്നണിയില്‍ എടുക്കുന്നത് യുഡിഎഫിനു ദോഷം ചെയ്യും.' എന്നാണ് ഒരു കോണ്‍ഗ്രസ് അനുഭാവി ഫെയ്സ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്. നിലമ്പൂരില്‍ അന്‍വര്‍ ഇല്ലാതെയും ജയിക്കാമെന്ന് യുഡിഎഫ് തെളിയിച്ചു. ഇനിയും അന്‍വറിനു വഴങ്ങി കൊടുത്താല്‍ അത് മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് മറ്റൊരാളുടെ അഭിപ്രായം. അന്‍വറിനെ മുന്നണിയിലെടുത്താല്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തനം നിര്‍ത്തുമെന്ന് പറഞ്ഞവരും ഉണ്ട്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെ ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍; നാലുമരണം