രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടി; പയ്യന്നൂര്‍ തഹസില്‍ദാരെ സസ്‌പെന്‍ഡ് ചെയ്യും
തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാതെ കൊണ്ടുപോയ സംഭവത്തില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ.പി. പോളിനെ സസ്‌പെന്‍ഡ് ചെയ്യും. തഹസില്‍ദാര്‍ക്കെതിരെ നടപടിയെടുക്കാന്‍ റവന്യൂ മന്ത്രി എ.പി. അനില്‍ കുമാര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഈ തീരുമാനമെടുത്തത്. മൃതദേഹം കൊണ്ടുപോകുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം ബുധനാഴ്ച തന്നെ പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു.
അതേസമയം രാജേഷിന്റെ മൃതദേഹം കൊണ്ടുപോകുന്നതിന് തഹസില്‍ദാര്‍ പണം ആവശ്യപ്പെട്ടതായും വിവരങ്ങള്‍ പുറത്തുവന്നു. ഈ ആരോപണം വിവാദങ്ങള്‍ക്ക് വഴിവെക്കുകയും സംഭവത്തില്‍ അന്വേഷണത്തിന് കാരണമാവുകയും ചെയ്തു. കണ്ണൂര്‍ കളക്ടര്‍ വ്യാഴാഴ്ച ഉച്ചയോടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് സമര്‍പ്പിച്ചു. തഹസില്‍ദാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളും കൃത്യവിലോപവും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
