1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Operation Thoofan Kerala should take responsibility together says CM VD Satheesan

‘ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട്’ കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ദൗത്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ പോലീസിന് കൈമാറണമെന്നും ഇതിനായി പ്രത്യേക ആപ്പുകള്‍ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.

V D Satheesan
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും ഗുരുതരമായ സാമൂഹിക വെല്ലുവിളിയായി മയക്കുമരുന്ന് വ്യാപനം മാറിയിരിക്കുന്ന സാഹചര്യത്തില്‍, അതിനെതിരെ സമൂഹം ഒന്നടങ്കം പോരാടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ . കേരള പോലീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ് വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കേരളത്തിന്റെ മണ്ണില്‍നിന്ന് മയക്കുമരുന്ന് എന്ന വിപത്തിനെ പൂര്‍ണമായി തൂത്തെറിയാനുള്ള ജനകീയ ദൗത്യമായി ഈ പദ്ധതിയെ സമൂഹം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. യുവതയാണ് ഒരു സമൂഹത്തിന്റെ പുരോഗതിയുടെ അടിത്തറയെന്നും യുവജനങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയകള്‍ സമൂഹത്തിന്റെ ഭാവിയെ തന്നെ തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നുവെന്നത് അതീവ ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ വിജയത്തിനായി കേരള പോലീസിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
 
ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, 'തൂഫാന്‍' പദ്ധതിയുടെ നോഡല്‍ ഓഫീസറായി ഇന്റലിജന്‍സ് വിഭാഗം ഐജി പുട്ട വിമലാദിത്യയെ നിയമിച്ചതായി അറിയിച്ചു. ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക് സെല്‍, ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള പോലീസ് സംവിധാനങ്ങള്‍ ജില്ലാതലങ്ങളിലും താഴേക്കും ശക്തമായ ഏകോപനത്തോടെ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
 
ഭാവി തലമുറയുടെ സുരക്ഷയ്ക്കായുള്ള ദൗത്യമാണ് 'ഓപ്പറേഷന്‍ തൂഫാന്‍' എന്നും ഇതിന്റെ വിജയത്തിനായി പൊതുസമൂഹത്തിന്റെ പൂര്‍ണ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ പോലീസിന് കൈമാറണമെന്നും ഇതിനായി പ്രത്യേക ആപ്പുകള്‍ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. രഹസ്യവിവരങ്ങള്‍ കൈമാറുന്നവരുടെ സുരക്ഷ പോലീസ് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.ഡാര്‍ക്ക് വെബ് വഴിയുള്ള മയക്കുമരുന്ന് വ്യാപാരത്തിനെതിരെയും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്‍കി. മയക്കുമരുന്ന് സംഘങ്ങള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ ഉള്ളതിനാല്‍, അവയെ തകര്‍ക്കുന്നതിനുള്ള പ്രത്യേക പ്രവര്‍ത്തന പദ്ധതികള്‍ കേരള പോലീസ് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
ചടങ്ങില്‍ 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട്' പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി വി ഡി സതീശന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദീന്‍, എക്‌സൈസ് മന്ത്രി എം. ലിജു, ഗതാഗത മന്ത്രി സി.പി. ജോണ്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.തൂഫാന്‍ വാരിയേഴ്‌സായി തെരഞ്ഞെടുത്ത വിദ്യാര്‍ഥിനികള്‍ക്ക് ആഭ്യന്തര മന്ത്രി ബാഡ്ജുകള്‍ വിതരണം ചെയ്തു. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദീന്‍ തൂഫാന്‍ ഫ്‌ളാഗ് കോട്ടണ്‍ഹില്‍ സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് കൈമാറി. ചടങ്ങില്‍ ശശി തരൂര്‍ എം.പി, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധികൃതര്‍, പി.ടി.എ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക