1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Maradu flat demolition

മരട്; ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള സമയം ഇന്ന് അവസാനിക്കും, കുടുംബങ്ങളെ ആര് ഒഴിപ്പിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം

മരട്
സുപ്രീം‌കോടതി വിധിപ്രകാരം മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. 343 ഫ്‌ലാറ്റുകളിലായി 1472 പേരെ പുനരവധിവസിപ്പിക്കേണ്ടി വരുമെന്ന് മരട് നഗരസഭ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. 
 
അതേസമയം, ഇവിടെ താമസിക്കുന്ന കുടുംബങ്ങളെ ആര് ഒഴിപ്പിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുറ്റരുകയാണ്. സര്‍ക്കാറില്‍നിന്ന് യാതൊരു അറയിപ്പും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഒഴിയില്ലെന്ന ഉറച്ച നിലപാടില്‍ സമരവുമായി മുന്നോട്ട് പോവുകയാണ് ഫ്‌ലാറ്റ് ഉടമകള്‍. നഗരസഭയുടെ നോട്ടിസ് കൈപ്പറ്റിയ ചിലര്‍ ഒഴിയില്ലെന്ന് രേഖമൂലം അറിയിച്ചിട്ടുമുണ്ട്.  
 
ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ലാറ്റ് ഉടമകള്‍ നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ഒഴിപ്പിക്കൽ നോട്ടീസ് നിയമാനുസൃതമല്ലെന്നു വാദിച്ചാകും ഹർജി. ഈമാസം 20-തിനകം 4 ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനാണ് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങിയത്. 
 
ഫ്‌ളാറ്റുകളില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുമ്പോള്‍ എത്രപേര്‍ക്ക് പുനരധിവാസം അടിയന്തരമായി വേണ്ടിവരും എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ ഭരണകൂടം നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ നഗരസഭ ഉദ്യോഗസ്ഥര്‍ കണക്കെടുപ്പ് നടത്തിയെങ്കിലും ഫ്‌ളാറ്റുടമകള്‍ പലരും സഹകരിച്ചില്ല. അതിനാൽ തന്നെ റിപ്പോർട്ട് എത്രത്തോളം സാധ്യമാണെന്ന കാര്യത്തിലും ആശങ്കയുണ്ട്. 
അടുത്ത ലേഖനം
‘പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്നേഹിക്കുന്നവർക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനം‘; അമിത് ഷായുടെ ‘ഒരു രാജ്യം, ഒരു ഭാഷ’ തീരുമാനത്തിന് മറുപടിയുമായി മുഖ്യമന്ത്രി