തൃശ്ശൂരില്‍ വന്‍ അപകടം: നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് എട്ടുപേര്‍ മരിച്ചു
തൃശ്ശൂര്‍: തൃശ്ശൂര്‍ കൈപ്പമംഗലത്ത് അര്‍ദ്ധരാത്രിയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ കാറിടിച്ചതിനെത്തുടര്‍ന്ന് എട്ടുപേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന എട്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് കരുതപ്പെടുന്നത്. കൈപ്പമംഗലത്ത് ദേശീയപാതയിലെ പനംബിക്കുന്ന് സെന്ററിന് സമീപം അര്‍ദ്ധരാത്രി 12 മണിയോടെയാണ് അപകടം നടന്നത്.
തമിഴ്നാട് രജിസ്ട്രേഷനുള്ള കാര്‍ നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയപാതയിലെ ഒരു ഡൈവേര്‍ഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയി. അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് തകര്‍ന്ന കാര്‍ വെട്ടിപ്പൊളിക്കേണ്ടിവന്നു. മരിച്ചവരുടെ വിവരങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് തമിഴ്നാട്ടിലെ ദിണ്ടിഗലിലുള്ള ഒരു എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു യാത്രക്കാര്‍. അപകടം നടന്ന ഉടന്‍ തന്നെ കൈപ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.