സംഘപരിവാർ മുന്നണിക്ക് കനത്ത തിരിച്ചടി; കാലടിയിലെ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാം, സസ്‌പെൻഷൻ റദ്ദാക്കി
കാലടി സംസ്‌കൃത സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിവരുന്ന നിരാഹാര സമരത്തിന് ഐതിഹാസിക വിജയം. വിദ്യാർഥികൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ച് ഹൈക്കോടതി. സർവകലാശാല സസ്‌പെൻഡ് ചെയ്ത വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ നടത്തണമെന്ന് കോടതി നിർദേശിച്ചു. വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കുകയും ചെയ്തു.
അച്ചടക്ക സമിതിയുടെ റിപ്പോർട്ടും തുടർ നടപടികളും ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് വിദ്യാർഥികൾക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്. ' ജീവിതത്തിൽ തോറ്റാലും ആർഎസ്എസിന് മുന്നിൽ തോൽക്കാൻ മനസില്ല. മാപ്പും കോപ്പുമില്ലാതെ തന്നെ ഞങ്ങൾ ഞങ്ങളുടെ കോളേജിലേക്ക് കയറുന്നു,' വിധി വന്നതിനു പിന്നാലെ കാലടിയിൽ നിരാഹാര സമരത്തിലിരിക്കുന്ന വിദ്യാർഥികൾ പ്രതികരിച്ചു.
83 ദിവസം നീണ്ട പോരാട്ടത്തിനാണ് ഒടുവിൽ വിജയംകണ്ടത്. വിദ്യാർഥികളുടെ നിരാഹാരസമരത്തിന് മുന്നിൽ മുട്ടുമടക്കിയ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും വിസിക്കും കോടതിയിൽ നിന്നും കനത്ത തിരിച്ചടി നേരിടേണ്ടിവന്നു.
ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തിന്റെ ഭാഗമായി നാടകം അവതരിപ്പിച്ചതിനാണ് വിദ്യാർഥികളെ മൂന്നുമാസത്തോളം സസ്‌പെൻഡ് ചെയ്തത്. സെമസ്റ്റർ പരീക്ഷയെഴുതാനുള്ള അവസരംപോലും നിഷേധിച്ച് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കാനായിരുന്നു സിസ തോമസിന്റെ നേതൃത്വത്തിൽ നടന്ന നീക്കം. വിദ്യാർഥികൾ മാപ്പ് പറഞ്ഞാൽ പ്രശ്‌നം തീരുമെന്നാണ് മന്ത്രി റോജി എം ജോൺ പറഞ്ഞത്. എന്നാൽ സംഘപരിവാറിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് എസ്.എഫ്.ഐ നിലപാടെടുത്തു.
