അവർക്ക് പരീക്ഷ എഴുതാൻ വഴി തുറക്കുന്നു; വിദ്യാർഥികൾക്ക് അനുകൂല നിലപാടുമായി സുപ്രീം കോടതി
കാലടി സർവകലാശാലയിലെ വിഷയത്തിൽ നേരിട്ട് ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. എന്നാൽ വിദ്യാർഥികളുടെ താൽപര്യങ്ങൾ ഹനിക്കാത്ത രീതിയിൽ ഹൈക്കോടതി വീണ്ടും കേസ് പരിഗണിച്ച് തീർപ്പുണ്ടാക്കണമെന്ന് പരമോന്നത കോടതി നിർദേശിച്ചു. പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ വിദ്യാർഥികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിർദേശം.
കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ ആവശ്യത്തിൽ അടിയന്തരമായി ഇടപെട്ട് തീരുമാനമാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ബുധനാഴ്ച പരീക്ഷ ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായാൽ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്താമെന്ന് സർവകലാശാല കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹൈക്കോടതി അടിയന്തരമായി ഇടപെട്ട് വിഷയത്തിൽ തീർപ്പുണ്ടാക്കണമെന്നും ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് നിർദേശം നൽകി.
കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യപ്പെട്ട് നടത്തിയ സമരത്തിന്റെ പേരിൽ വിദ്യാർത്ഥികളെ രണ്ടു മാസത്തിലധികമായി സസ്പെന്റ് ചെയ്യുകയും പരീക്ഷയെഴുതുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് പരീക്ഷയെഴുതാൻ അനുവദിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് അനുമതി നിഷേധിച്ചിരുന്നു. ഇൗ വിധിക്കെതിരെയാണ് വിദ്യാർഥികൾ സുപ്രീകോടതിയിൽ അപ്പീൽ നൽകിയത്. Also Read: വെറും മഴ മാത്രമല്ല, ഇടിയും മിന്നലും ഒപ്പം; പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഏഴിടത്ത് യെല്ലോ അലർട്ട്
