1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Juwin Raju accident death

നോവായി മാറി പതിനാറുകാരൻ ജുവിൻ; മരണത്തിലും ഏഴ് പേർക്ക് ജീവന്റെ വെളിച്ചമേകി മടക്കം

സ്‌കൂളിൽ നിന്നും ടി.സി. വാങ്ങി കൂട്ടുകാരനുമൊത്ത് മടങ്ങും വഴി ജൂൺ 15-ന് രാവിലെ 11:30 ഓടെയാണ് അപകടം സംഭവിച്ചത്

Juwin Raju accident death
ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്ന പതിനാറുകാരൻ ജൂവിൻ രാജുവിന്റെ വേർപാട് നാടിനാകെ കണ്ണീരായി. മകനെ നഷ്ടപ്പെട്ട ആഴമേറിയ ദുഃഖത്തിനിടയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാൻ ജൂവിന്റെ മാതാപിതാക്കൾ മുന്നോട്ട് വന്നതോടെ, മരണത്തിലും 7 പേർക്കാണ് ഈ കൗമാരക്കാരൻ ജീവിതത്തിന്റെ പുതുവെളിച്ചം പകർന്നു നൽകി യാത്രയാകുന്നത്. സെന്റ് ആൻസ് പബ്ലിക് സ്‌കൂളിൽ നിന്നും പത്താം ക്ലാസ് പഠനം പൂർത്തിയാക്കി നിൽക്കുകയാണ് ജൂവിൻ.
 
സ്‌കൂളിൽ നിന്നും ടി.സി. വാങ്ങി കൂട്ടുകാരനുമൊത്ത് മടങ്ങും വഴി ജൂൺ 15-ന് രാവിലെ 11:30 ഓടെയാണ് അപകടം സംഭവിച്ചത്. പോട്ട-മൂന്ന്പീടിക സംസ്ഥാനപാതയിൽ ആളൂർ കദളിച്ചിറക്ക് സമീപത്ത് വെച്ച് ജൂവിൻ ഓടിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ ആളൂർ ആനത്തടം സ്വദേശി പീണിക്കപറമ്പിൽ ജൂവിനെ ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കും മാറ്റി. കടുത്ത രക്തസ്രാവം മൂലം തലച്ചോറിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിലാണ് ജുവിനെ രാജഗിരി ആശുപത്രിയിൽ എത്തിച്ചത്. രക്തസ്രാവം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്‌തെങ്കിലും, ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കൊടുവിൽ ഇന്ന് (23/06/2026) പുലർച്ചെ 7:31-ഓടെ ജൂവിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
 
തങ്ങളുടെ പ്രിയപ്പെട്ട മകൻ ഇനി തിരികെ വരില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട്, ആ വലിയ നോവിനിടയിലും മറ്റുള്ളവരിലൂടെ അവൻ ജീവിക്കട്ടെ എന്ന മാതാവിന്റെയും കുടുംബത്തിന്റെയും തീരുമാനമാണ് അവയവദാനത്തിന് ഇടയാക്കിയത്. മാതാവ് ബീന രാജു, ആളൂർ സെന്റ് ജോസഫ് പളളിയിലെ പാലിയേറ്റീവ് കെയർ അംഗവും, മരണാനന്തര നേത്രദാന കമ്മിറ്റിയിലെ സജീവ പ്രവർത്തകയുമാണ്. നേത്രപടലങ്ങളിലൂടെ അനേകർക്ക് കാഴ്ച ലഭിക്കാൻ കാരണമായതിന്റെ അനുഭവങ്ങളാകാം ബീനയ്ക്ക് സ്വന്തം മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ പ്രേരകമായത്. ജുവിന്റെ മുത്തച്ഛൻ ആളൂർ പഞ്ചായത്തിലെ നേത്രദാന സേനയുടെ സജ്ജീവ പ്രവർത്തകനും, സംസ്ഥാനപുരസ്‌കാരമടക്കം നേടിയ വ്യക്തിയുമായിരുന്നു. മകന്റെ അപകട വിവരമറിഞ്ഞ് സൗദിയിൽ മെക്കാനിക് ആയി ജോലി ചെയ്യുന്ന പിതാവ് രാജു ചൊവ്വാഴ്ച നാട്ടിലെത്തി. 
 
സർക്കാർ സ്ഥാപനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. എറണാകുളം ലിസി ആശുപത്രിയിലേക്ക് വൃക്ക, ഹൃദയം, പാൻക്രിയാസ് എന്നിവയും, കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് കരളും, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മറ്റൊരു വൃക്കയും, അങ്കമാലി ലിറ്റിൽ ഫ്‌ലവർ ഐ ബാങ്കിലേക്ക് രണ്ട് കോർണിയകളും കൈമാറി. വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ, ജൂവിന് ആദരാഞ്ജലികൾ അർപ്പിച്ചു. കഠിനമായ സാഹചര്യത്തിലും അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച ബന്ധുക്കളെ മന്ത്രി നന്ദി അറിയിച്ചു. ജൂവിന്റെ കളിചിരികൾ ഇനി ഓർമ്മകളിൽ മാത്രമായിരിക്കുമെങ്കിലും, അവൻ പകർന്നു നൽകിയ ജീവന്റെ വെളിച്ചം 7 കുടുംബങ്ങളിൽ എന്നും പ്രകാശിച്ചു നിൽക്കും. കാൻസർ രോഗികൾക്ക് കേശദാനം നടത്തുവാൻ മുടി നീട്ടി വളർത്തുന്നതിനിടെ ആയിരുന്നു ജുവിൻ യാത്രയായത്. ജുവിനോടൊപ്പം യാത്ര ചെയ്ത അനന്തകൃഷ്ണൻ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
About Writer
WEBDUNIA