1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Prakash Raj Alleges His Name Was Removed From Karnataka Voter List Amid SIR

ഫ്രണ്ട്‌സ്... എന്റെ പേര് വെട്ടി, കര്‍ണാടക എസ്‌ഐആറില്‍ നിന്നും പ്രകാശ് രാജ് പുറത്ത്, വീഡിയോയുമായി താരം

കര്‍ണാടക വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ക്കിടെ നടന്‍ പ്രകാശ് രാജിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും പുറത്ത്.

Prakash Raj
കര്‍ണാടക വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ക്കിടെ നടന്‍ പ്രകാശ് രാജിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും പുറത്ത്. നടന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ തന്റെ വോട്ടവകാശം പുതുക്കിയ എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി നഷ്ടമായതായി വ്യക്തമാക്കിയത്. താന്‍ ജനിച്ചുവളര്‍ന്നതും വിദ്യഭ്യാസം നേടിയതും രാഷ്ട്രീയം, സിനിമ എന്നിവര്‍ പ്രവര്‍ത്തിമണ്ഡലങ്ങളാക്കിയതും ബെംഗളുരുവിലായിരുന്നുവെന്നും 2019ല്‍ ലോകസഭാ സ്ഥാനാര്‍ഥിയായി മത്സരിച്ച സ്ഥലത്താണ് തന്റെ വോട്ടവകാശം പോലും നഷ്ടമായതെന്നും വീഡീയോയില്‍ പ്രകാശ് രാജ് പറയുന്നു.
 
നേരത്തെ പശ്ചിമബംഗാള്‍, കേരളം തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ നടപടിക്രമങ്ങളുടെ ഭാഗമായി നിരവധി പേര്‍ക്ക് വോട്ടര്‍പട്ടികയില്‍ നിന്നും ഇടം നഷ്ടമായിരുന്നു. വോട്ടര്‍ പട്ടിക പരിഷ്‌കരണം തന്നെ ബിജെപിക്ക് എതിരായ വോട്ടുകളെ ഇല്ലാതെയാക്കുക, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഇല്ലാതെയാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് എന്നീ ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പ്രകാശ് രാജ് തന്റെ വോട്ടവകാശം നഷ്ടമായതിനെ പറ്റി വിശദമാക്കി രംഗത്ത് വന്നത്. അതേസമയം വോട്ടര്‍പട്ടിക ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐആറെന്നും അന്തിമപട്ടിക പ്രസിദ്ധീകരിക്കും മുന്‍പ് പരാതികള്‍ നല്‍കാനുള്ള ഇടമുണ്ടെന്നും ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി.
 
 
വോട്ടര്‍പട്ടികയില്‍ മരിച്ചവര്‍, സ്ഥിരമായി താമസം മാറിയവര്‍, ഒരാള്‍ക്ക് ഒന്നിലധികം എന്‍ട്രികളുള്ളവര്‍, പരിശോധനയ്ക്കിടെ കണ്ടെത്താനാകാത്തവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ പരിശോധിച്ച് പട്ടിക പുതുക്കുന്നതിനാണ് എസ്‌ഐആര്‍ നടത്തുന്നത്. കര്‍ണാടകയില്‍ 59,050 ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ (BLO) നിയോഗിച്ചാണ് വീടുതോറുമുള്ള പരിശോധനയും എന്‍യുമറേഷന്‍ ഫോമുകളുടെ ശേഖരണവും നടത്തിയത്. കര്‍ണാടക എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ പ്രകാരം 84.3 ലക്ഷം വോട്ടര്‍മാരാണ് ASDDO വിഭാഗത്തില്‍ (Absent, Shifted, Dead, Duplicate, Other) ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് സംസ്ഥാനത്തെ ജനസംഖ്യയുടെ 15 ശതമാനത്തോളമാണ്. ഇതില്‍ വലിയ പങ്കും ബെംഗളുരു മേഖലയില്‍ നിന്നാണ്.
 
നേരത്തെ ബെംഗളുരുവിലെ ഒരു കോടതിയില്‍ പ്രകാശ് രാജിന് ഒന്നിലധികം ഐഡികളുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. പ്രകാശ് രാജിന് കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നാല് വോട്ടര്‍ ഐഡികള്‍ ഉണ്ടായിരുന്നുവെന്നതാണ് പരാതിയിലെ ആരോപണം. എന്നാല്‍ പ്രകാശ് രാജ് ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. അതിനാല്‍ തന്നെ കര്‍ണാടക എസ്‌ഐആറില്‍ നിന്നും പേരൊഴിവാക്കി എന്ന പ്രകാശ് രാജിന്റെ ആരോപണം രാഷ്ട്രീയപരമായി വരും ദിവസങ്ങളില്‍ ചര്‍ച്ചയാകാന്‍ സാധ്യതയേറെയാണ്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ലോകം അമേരിക്കയിൽ നിന്നും അകലുന്നു, സൗദി- പാക് - തുർക്കി പ്രതിരോധ കരാർ അതിനുള്ള തെളിവെന്ന് ഇറാൻ