ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പിടികൂടാന്‍ ഇഡി; പുറത്തിറങ്ങിയാലുടന്‍ ചോദ്യം ചെയ്യും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (08:19 IST)
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പിടികൂടാന്‍ ഇഡി. ജാമ്യം നേടി പുറത്ത് ഇറങ്ങിയാലുടന്‍ ചോദ്യം ചെയ്യും. ഇന്ന് ജാമ്യം ലഭിച്ചാല്‍ ഇന്ന് തന്നെ പോറ്റിക്ക് സമന്‍സ് അയക്കും. സമന്‍സ് തയ്യാറാക്കി വച്ചിരിക്കുകയാണ് അന്വേഷണസംഘം. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നില്‍ ഹാജരായ ദേവസ്വം മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ മൊഴി പുറത്തായിട്ടുണ്ട്.

ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ല എന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് മുരാരി ബാബുവിന്റെ മൊഴി. സ്വത്തുക്കളുമായി ബന്ധപ്പെട്ട് എന്ത് രേഖകളും ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. കഴിഞ്ഞദിവസം 9മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആണ് മുരാരി ബാബുവിനെ ഇഡി വിട്ടയച്ചത്.

ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ നടന്‍ ജയറാമിനെ എസ് ഐ ടി ചോദ്യം ചെയ്തിരുന്നു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു നടനെ എസ് ഐ ടി ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റി നിരവധി തവണ പൂജകള്‍ക്കായി വീട്ടിലെത്തിയിട്ടുണ്ടെന്നും ശബരിമലയില്‍ വച്ചാണ് പോറ്റിയുമായി ബന്ധം തുടങ്ങുന്നതെന്നും ജയറാം മൊഴി നല്‍കി. പോറ്റിയുടെ സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലെന്നും കട്ടിള പാളി സ്മാര്‍ട്ട് ക്രിയേഷനില്‍ പൂജിച്ചപ്പോഴും പോറ്റി വിളിച്ചപ്പോള്‍ പങ്കെടുത്തിരുന്നെന്നും ജയറാം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :