സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 30 ജനുവരി 2026 (08:04 IST)
ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ നടന്‍ ജയറാമിനെ എസ് ഐ ടി ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു നടനെ എസ് ഐ ടി ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റി നിരവധി തവണ പൂജകള്‍ക്കായി വീട്ടിലെത്തിയിട്ടുണ്ടെന്നും ശബരിമലയില്‍ വച്ചാണ് പോറ്റിയുമായി ബന്ധം തുടങ്ങുന്നതെന്നും ജയറാം മൊഴി നല്‍കി. പോറ്റിയുടെ സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലെന്നും കട്ടിള പാളി സ്മാര്‍ട്ട് ക്രിയേഷനില്‍ പൂജിച്ചപ്പോഴും പോറ്റി വിളിച്ചപ്പോള്‍ പങ്കെടുത്തിരുന്നെന്നും ജയറാം വ്യക്തമാക്കി.
സ്വര്‍ണ്ണക്കള്ള കേസില്‍ ജയറാം സാക്ഷിയാകും. അതേസമയം മകരവിളക്ക് ദിനത്തില്‍ ശബരിമലയില്‍ സിനിമാ ഷൂട്ടിംഗ് നടന്നുവെന്ന പരാതിയില്‍ വനംവകുപ്പ് കേസെടുത്തു. വനമേഖലയില്‍ അതിക്രമിച്ചു കയറിയതിന് സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ കേസെടുത്തിട്ടുണ്ട്. റാന്നി ഡിവിഷനിലെ പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രികരണം നടന്നതെന്ന് വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ സന്നിധാനത്ത് ഷൂട്ടിംഗ് നടത്താന്‍ അനുമതി ലഭിക്കാത്തതിനാല്‍ പമ്പയിലായിരുന്നു ഷൂട്ടിംഗ് നടന്നതെന്ന് സംവിധായകന്‍ അവകാശപ്പെട്ടു.
സന്നിധാനത്ത് മാധ്യമങ്ങള്‍ നില്‍ക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പയാണ് സിനിമയുടെ പശ്ചാത്തലം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനുമതി നിഷേധിച്ചത് സത്യമാണ്. പിന്നീട് സന്നിധാനത്ത് എഡിജിപി എസ് ശ്രീജിത്തിനെ കണ്ടു. പമ്പയില്‍ ചിത്രീകരണം നടത്താന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അന്വേഷണം മുന്നോട്ട് പോകട്ടെ,' അനുരാജ് മനോഹര്‍ പ്രതികരിച്ചു. മകരവിളക്കിന് മുമ്പ് സന്നിധാനത്ത് സിനിമയുടെ ചിത്രീകരണത്തിന് അനുമതി തേടി അനുരാജ് മനോഹര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിനെ സമീപിച്ചിരുന്നു. എന്നാല്‍ സിനിമാ ചിത്രീകരണത്തിന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹം അനുമതി നിഷേധിച്ചു.