അഭിറാം മനോഹർ|
Last Modified തിങ്കള്‍, 2 മാര്‍ച്ച് 2026 (08:33 IST)
സ്ഥാനാര്‍ഥിപട്ടിക നിര്‍ണയത്തിനായി ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ വൈകാരികമായി സംസാരിച്ച് കേന്ദ്രകമ്മിറ്റി അംഗമായ കെ കെ ശൈലജ. നടക്കാനിരിക്കുന്ന കേരള അസംബ്ലി ഇലക്ഷനില്‍ ശൈലജയെ ഒഴിവാക്കികൊണ്ടുള്ള സ്ഥാനാര്‍ഥിപട്ടികയാണ് യോഗം പരിഗണിച്ചത്.മന്ത്രിമാരും നിലവിലെ എംഎല്‍എമാരില്‍ ഭൂരിഭാഗവും മത്സരിക്കട്ടെയെന്ന തീരുമാനമിരിക്കെ എന്തിന് തന്നെ മാത്രം മാറ്റിനിര്‍ത്തുന്നുവെന്ന ചോദ്യമാണ് കെ കെ ശൈലജ ഉന്നയിച്ചത്.
മട്ടന്നൂരുമായി വൈകാരികമായ ബന്ധമുണ്ട്. ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കി എല്ലാവര്‍ക്കും വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കുമ്പോള്‍ തന്നെ മാത്രം എന്തിന് മാറ്റിനിര്‍ത്തുന്നു?, തനിക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും കെകെ ശൈലജ യോഗത്തില്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. എങ്കില്‍ പേരാവൂരില്‍ മത്സരിക്കട്ടെയെന്നാണ് യോഗത്തില്‍ ധാരണയായത്.
തളിപ്പറമ്പില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മത്സരിക്കില്ല. പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമള സ്ഥാനാര്‍ഥിയാകും. മുതിര്‍ന്ന നേതാക്കളില്‍ ചിലരെ മത്സരരംഗത്തേക്ക് കൊണ്ടുവരാനുള്ള ആലോചനയും സിപിഎം ഉപേക്ഷിച്ചു. ഇതോടെ തോമസ് ഐസക്ക്, എം എം മണി എന്നിവര്‍ സ്ഥാനാര്‍ഥികളായേക്കില്ല. സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സ്വരാജ്,പി കെ ബിജു,പുത്താലത്ത് ദിനേശന്‍, ഇ പി ജയരാജന്‍ എന്നിവരും സ്ഥാനാര്‍ഥികളാകില്ല.