Aswanth Kok: മദ്യലഹരിയിൽ ഡ്രൈവിങ്, മൂന്ന് വാഹനങ്ങളിൽ ഇടിച്ചു; യുട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ
Aswanth Kok Arrest
Aswanth Kok: മദ്യപിച്ച് കാറോടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ച കേസിൽ പ്രമുഖ സിനിമ റിവ്യൂവറും യുട്യൂബറുമായ അശ്വന്ത് കോക്ക് അറസ്റ്റിൽ. നടക്കാവ് പൊലീസാണ് കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ അശ്വന്ത് കോക്കിനെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് രാത്രി ഏഴരയോടെയാണ് സംഭവം.
കാറിലും ബൈക്കിലും അശ്വന്ത് ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അശ്വന്തിനെ വാഹനത്തിൽ നിന്ന് ഇറക്കുമ്പോൾ ലക്കുകെട്ട നിലയിലായിരുന്നു.
നാട്ടുകാരാണ് വാഹനം തടഞ്ഞുനിർത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. നാട്ടുകാരിൽ ചിലർ അശ്വന്തിനെ മർദ്ദിച്ചതായും വിവരമുണ്ട്. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
തുടർന്ന് അശ്വന്തിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയി. ഇടിച്ച വാഹനങ്ങളുടെ ഉടമകൾ നൽകിയ പരാതിപ്രകാരം അശ്വന്തിനെതിരെ കേസ് റജിസ്റ്റർ ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
