മുഖ്യമന്ത്രി vs എക്സൈസ് മന്ത്രി പോര് കനക്കുന്നു; എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിനെ സ്ഥലംമാറ്റി
M Liju and VD Satheesan
എക്സൈസ് വകുപ്പിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അമിതമായി കൈകടത്തുന്നുവെന്ന ആരോപണം ശക്തമായിരിക്കെ എക്സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് ശ്രീറാം സാംബശിവ റാവുവിന് സ്ഥലംമാറ്റം. ബാർ ലൈസൻസ് വിവാദം കത്തുന്നതിനിടെയാണ് സാംബശിവ റാവുവിനെ പട്ടിക വർഗ സ്പെഷ്യൽ സെക്രട്ടറി സ്ഥാനത്തേക്ക് തെറിപ്പിച്ചത്.
യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം വരുന്നതിന് മുൻപ് വകുപ്പ് മന്ത്രി അറിയാതെ ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം.ലിജുവും എക്സൈസ് കമ്മിഷണർ ശ്രീറാം സാംബശിവ റാവുവും തമ്മിൽ കടുത്ത ഭിന്നത നിലനിന്നിരുന്നു. സാംബശിവ റാവു മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശത്തെ തുടർന്നാണ് ഇക്കാര്യം ചെയ്തതെന്ന ആക്ഷേപവും ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് തിരക്കിട്ട സ്ഥലംമാറ്റം.
ലൈസൻസ് നൽകിയത് വിവാദമായതിനെത്തുടർന്ന് എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിന്റെ നടപടികൾ ദുരൂഹമാണെന്നും വകുപ്പിന് നാണക്കേടുണ്ടാക്കുന്നതാണെന്നും മന്ത്രി എം.ലിജു കുറ്റപ്പെടുത്തി. ബാറുകൾക്ക് അനുമതി നൽകുന്ന കാര്യം സർക്കാരിനെ അറിയിക്കണമായിരുന്നുവെന്നും ബാർ ലൈസൻസ് നൽകാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണർമാരിൽ നിന്ന് എടുത്തുമാറ്റുമെന്നും ലിജു പറഞ്ഞിരുന്നു.
എക്സൈസ് മന്ത്രി അറിയാതെയാണ് മൂന്നിടത്ത് ശരവേഗത്തിൽ ബാർ ലൈസൻസ് പുതുക്കി നൽകിയത്. മൂവാറ്റുപുഴ, കൊച്ചി, പാലാ എന്നിവിടങ്ങളിലാണ് ലൈസൻസ് പുതുക്കി നൽകിയത്. എക്സൈസ് കമ്മിഷണർ സാംബ ശിവ റാവു മുഖ്യമന്ത്രിയുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഉദ്യോഗസ്ഥനാണെന്നും വകുപ്പ് മന്ത്രിയായ തന്നോട് യാതൊരു കൂറും കാണിക്കുന്നില്ലെന്നും ലിജുവിന് പരാതിയുണ്ടായിരുന്നു. Also Read: 'ഇത്രയും പ്രായമായ സുധാകരേട്ടനെ കൊണ്ട് മാപ്പ് പറയിപ്പിച്ചു'; കുഞ്ഞമ്മ ഫാൻസിനെതിരെ കോൺഗ്രസ് പ്രവർത്തകർ
