1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. A Letter Found With Strange Language inIdukki

വിചിത്ര ഭാഷയില്‍ എഴുത്ത്, രക്തക്കറ, വാതില്‍ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നു; ആശങ്ക പരത്തി ഒരു കുറിപ്പ്

Letter
വീടിന്റെ മുന്‍വാതിലില്‍ നിന്ന് കണ്ടെത്തിയ കുറിപ്പ് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. തൊടുപുഴ സഹകരണ ആശുപത്രിക്ക് എതിര്‍വശത്തുള്ള തച്ചേട്ട് നഗറിലെ ജി.ബിജുമോന്റെ വീട്ടില്‍ നിന്നാണ് വിചിത്രഭാഷയില്‍ എഴുതിയ കുറിപ്പടി കണ്ടെത്തിയത്. ഒരു തുണ്ട് പേപ്പറില്‍ ആര്‍ക്കും മനസിലാകാത്ത ഭാഷയിലാണ് എഴുത്ത്. ഈ പേപ്പറില്‍ രക്തക്കറയും കാണാം. വാതില്‍ക്കല്‍ കെട്ടിയിട്ട ഈ പേപ്പറില്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. 
 
ബിജുമോനും കുടുംബവും താമസിക്കുന്ന വീടിന്റെ മുന്‍വാതിലിലാണ് കുറിപ്പ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഉറക്കമേഴുന്നേറ്റ ശേഷം അകത്തുനിന്ന് മുന്‍വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് ബിജുമോന്‍ പിന്നിലെ വാതില്‍ വഴി പുറത്തേക്ക് വന്നു. മുന്നിലെ വാതില്‍ പുറത്തുനിന്ന് ആരോ പൂട്ടിയിട്ടുണ്ടെന്ന് അപ്പോള്‍ വ്യക്തമായി. 
 
മുന്‍ വശത്തെ വാതില്‍ ഓടാമ്പലയിട്ട് അതിനിടയില്‍ നിന്ന് നൂലില്‍ കെട്ടിയിട്ട നിലയിലാണ് കുറിപ്പടി കാണപ്പെട്ടത്. ഭിത്തിയില്‍ വിരലടയാളമുണ്ട്. വിചിത്ര ഭാഷയില്‍ നാലഞ്ച് വരി എഴുതിയിരിക്കുന്ന കത്തില്‍ ഒപ്പുപോലെ എന്തോ ഇട്ടിട്ടുമുണ്ട്. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ആരെങ്കിലും ചെയ്തതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. 
 
സംഭവത്തെ തുടര്‍ന്ന് ബിജുമോന്‍ തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആരോ പേടിപ്പിക്കാനായി ചെയ്ത സംഭവമാണിതെന്നും കത്തിലുള്ളത് ചോരപ്പാടുകളല്ലെന്നും തൊടുപുഴ സിഐ സുധീര്‍ മനോഹര്‍ പറഞ്ഞു. പ്രദേശത്ത് സിസിടിവി ക്യാമറ വയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായും സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, പൊലീസിനെതിരെ ബിജുമോന്‍ ആരോപണമുന്നയിച്ചു. പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിച്ചു വന്നില്ലെന്നാണ് ബിജുവിന്റെ ആരോപണം. 

നേരത്തെയും ബിജുമോന്റെ വീടിന്റെ മുന്‍പിലെ വാതില്‍ പുറത്തുനിന്ന് ആരോ പൂട്ടിയിരുന്നു. അന്ന് വീട്ടുകാര്‍ അത്ര കാര്യമായെടുത്തില്ല. പിന്നീട് അകത്തുനിന്ന് പുറത്തേക്ക് വന്ന് വാതില്‍ തുറക്കുകയായിരുന്നു.