അഭിറാം മനോഹർ|
Last Modified വെള്ളി, 2 ജനുവരി 2026 (15:19 IST)
ഉപയോക്താക്കളെ ഗ്രോക്ക് എ ഐ വസ്ത്രമില്ലാത്ത ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നതിനെതിരെ എക്‌സ് പ്ലാറ്റ്‌ഫോമിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗ്രോക്ക് എ ഐ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങളെ ലൈംഗിക ഉള്ളടക്കമാക്കി മാറ്റുന്ന പ്രവണത ഏറിയതോടെയാണ് എക്‌സിനെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമായത്. ലൈംഗിക ഉള്ളടക്കം സൃഷ്ടിക്കാനും വ്യക്തികളെ തേജോവധം ചെയ്യാനും എ ഐയെ ദുരുപയോഗപ്പെടുത്തുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
സാധാരണ ചിത്രങ്ങളെ തുണിയില്ലാത്ത രീതിയിലാക്കി മാറ്റാന്‍ ഗ്രോക്ക് എ ഐ കൊണ്ട് സാധിക്കും. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ ട്രെന്‍ഡ് അപകടകരമായ രീതിയില്‍ വ്യാപകമായത്, സ്ത്രീകളുടെയും കുട്ടികളുടെയും സാധാരണ ചിത്രങ്ങള്‍ ഗ്രോക്കില്‍ അപ്ലോഡ് ചെയ്ത ശേഷം പ്രോംപ്റ്റുകള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്.
ഗ്രോക്ക് എ ഐ ഇത്തരം ദുരുപയോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഉടന്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍വധി രാജ്യങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ഇതിനെ തുടര്‍ന്ന് ഈ ഫീച്ചര്‍ എക്‌സ് മറച്ചെങ്കിലും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും തടസ്സമില്ലാതെ തുടരുന്നതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലും ഗ്രോക്ക് എ ഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്യുന്ന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈനില്‍ സുഹൃത്തുക്കളെ ട്രോളുന്നതിനും അപ്പുറം വലിയ സൈബര്‍ ഭീഷണിയാണ് ഗ്രോക്ക് എ ഐ ഉയര്‍ത്തുന്നത്.