അഭിറാം മനോഹർ|
Last Modified തിങ്കള്‍, 15 ഡിസംബര്‍ 2025 (18:13 IST)
ഗൂഗിളിന്റെ ജെമിനി എഐ ചാറ്റ്‌ബോട്ടിലെ നാനോബനാന ഇമേജ് എഡിറ്റ് വന്‍ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. യഥാര്‍ഥമെന്ന് തോന്നുന്ന ചിത്രങ്ങള്‍ തിരിച്ചറിയാനാകാത്തവിധം മാറ്റം വരുത്തി ഉപയോഗിക്കാനാകുമെന്നാണ് നാനോ ബനാനയുടെ പ്രത്യേക്ത. എ ഐ ആപ്പ് പുറത്തിറങ്ങിയതോടെ സെലിബ്രിറ്റികളുടെയും സാധാരണക്കാരുടേതുമടക്കം ഗ്ലാമറസ് ചിത്രങ്ങളും അര്‍ധനഗ്‌ന ചിത്രങ്ങളും നിര്‍മിക്കാനും വ്യാപകമായാണ് നാനോ ബനാന ദുരുപയോഗം ചെയ്യപ്പെടുന്നത്.
വ്യക്തികളെ അര്‍ധനഗ്‌നരാക്കാന്‍ ചെറിയ പ്രോമ്പ്റ്റുകള്‍ കൊണ്ട് തന്നെ സാധിക്കും. സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് റീച്ച് നേടുന്ന പല ഓണ്‍ലൈന്‍ പേജുകളും പ്രൊഫൈലുകളും ഇത്തരം ചിത്രങ്ങള്‍ വ്യാപകമായ തോതിലാണ് പങ്കുവെയ്ക്കുന്നത്. അശ്ലീലതയും നഗ്‌നതയുമുള്ള ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള നിര്‍ദേശങ്ങള്‍ ജെമിനി തള്ളികളയാറുണ്ടെങ്കിലും അര്‍ധനഗ്‌ന ചിത്രങ്ങള്‍ തടയുന്നതില്‍ ജെമിനി പരാജയമാണ്.
അടുത്തകാലത്താണ് ജെമിനിയിലെ നാനോ ബനാന ഫീച്ചര്‍ ആഗോളതലത്തില്‍ വൈറലായത്. സെലിബ്രിറ്റികളുടെ അനുവാദമില്ലാതെയാണ് പ്രോമ്പ്റ്റുകളിലൂടെ ഗ്ലാമറാസായും മറ്റ് സെലിബ്രിറ്റികള്‍ക്കൊപ്പം ഇന്റിമേറ്റായുമുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഇവരെ കൂടാതെ സാധാരണ ജനങ്ങളുടെയും ചിത്രങ്ങള്‍ ഇത്തരത്തില്‍ മാറ്റാമെന്നത് ജെമിനിയുടെ അപകടസാധ്യത ഉയര്‍ത്തുന്നു.