ഡൽഹി വോട്ടർപട്ടിക: 43 ലക്ഷത്തിലധികം വോട്ടുകളെവിടെ ?, അർഹരായെ ആരെയും ഒഴിവാക്കരുതെന്ന് സുപ്രീം കോടതി
ഒക്ടോബർ 30 സമയപരിധി നീക്കി സുപ്രീംകോടതി, വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് തുടരാം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വോട്ടര്‍പട്ടികയില്‍ പുതിയ പേരുകള്‍ ചേര്‍ക്കുന്നതിനുള്ള ഒക്ടോബര്‍ 30-ലെ സമയപരിധി നീക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. കരട് വോട്ടര്‍പട്ടികയില്‍ 43 ലക്ഷത്തിലധികം പേരെ 'സ്ഥിരമായി താമസം മാറിയവര്‍' (Permanently Shifted Out) എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടെയാണ് കോടതിയുടെ ഇടപെടല്‍. അര്‍ഹരായ വോട്ടര്‍മാര്‍ക്ക് പട്ടികയില്‍ ഇടം നേടാനുള്ള അവസരം ഉറപ്പാക്കണമെന്നും അത് തിരെഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഉത്തരവാദിത്തമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
43 ലക്ഷത്തിലധികം വോട്ടുകളാണ് സ്ഥിരമായി താമസം മാറിയവര്‍ എന്ന നിലയില്‍ നഷ്ടമായത്. ഇവരെല്ലാം യഥാര്‍ഥത്തില്‍ താമസം മാറിയവരാണോ?, അര്‍ഹരായ വോട്ടര്‍മാരുടെ പേരുകള്‍ തെറ്റായി ഒഴിവാക്കപ്പെട്ടതാണോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് സുപ്രീം കോടതി ഉയര്‍ത്തിയത്. ഒക്ടോബര്‍ 30-ന് ശേഷം പുതിയ പേരുകള്‍ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കരുതെന്നാണ് കോടതിയുടെ നിര്‍ദേശം. സമയപരിധി അര്‍ഹരായ പല വോട്ടര്‍മാരുടെയും അവസരം നഷ്ടപ്പെടുതുമെന്നും ബന്ധപ്പെട്ട വോട്ടര്‍ അപേക്ഷകള്‍ തുടര്‍ന്നും സ്വീകരിക്കുകയും പരിശോധിക്കുകയും ചെയ്യണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വോട്ടര്‍പട്ടികയിലെ പേരുകള്‍ ഒഴിവാക്കുന്നതും പുതിയ പേരുകള്‍ ചേര്‍ക്കുന്നതും സംബന്ധിച്ച നടപടികള്‍ സുതാര്യമായിരിക്കണമെന്നതാണ് സുപ്രീം കോടതി ഉത്തരവ് നല്‍കുന്ന സൂചന. വോട്ടര്‍മാര്‍ക്ക് തങ്ങളുടെ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ മതിയായ അവസരം ഉറപ്പാക്കണമെന്നും വിധിയിലൂടെ കോടതി പ്രസ്താവിക്കുന്നു.
