എജ്ജാതി കളി, ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്തുമോ?, മറുപടി നൽകി ക്ലാസൻ
ഐപിഎല്ലില്‍ തന്റെ ബാറ്റിംഗ് കരുത്ത് കൊണ്ട് അമ്പരപ്പിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ദക്ഷിണാഫ്രിക്കന്‍ താരമായ ഹെന്റിച്ച് ക്ലാസന്‍.
ഐപിഎല്ലില്‍ തന്റെ ബാറ്റിംഗ് കരുത്ത് കൊണ്ട് അമ്പരപ്പിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ദക്ഷിണാഫ്രിക്കന്‍ താരമായ ഹെന്റിച്ച് ക്ലാസന്‍. ഓപ്പണിംഗ് താരങ്ങള്‍ വാഴുന്ന ഐപിഎല്ലിലെ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് മധ്യനിരയില്‍ എസ്ആര്‍എച്ചിനായി കളിക്കുന്ന ക്ലാസന്‍. ഇതിനിടെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ദക്ഷിണാഫ്രിക്കായി കളിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം.
ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തിലേക്ക് തിരിച്ചുവരാനില്ലെന്നാണ് താരം വ്യക്തമാക്കിയത്. നിര്‍ഭാഗ്യവശാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കൊരു തിരിച്ചുവരവ് ഞാന്‍ ആഗ്രഹിക്കുന്നില്ല. ക്രിക്കറ്റിനെ കൂടുതല്‍ വളര്‍ത്തുക എന്ന ലക്ഷ്യവുമായി റോട്ടര്‍ഡാം ടീമുമായി ഞാന്‍ സഹകരിക്കുന്നുണ്ട്. പ്രത്യേക രഹസ്യങ്ങളൊന്നും പ്രകടനത്തിന് പിന്നിലില്ല. ആത്മവിശ്വാസമാണ് പ്രധാനം. എന്റെ ടീം പാര്‍ട്ണറായിരുന്ന ഫാഫിനെ നോക്കു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ അവന്‍ മികവ് തെളിയിച്ചിരുന്നു. ക്ലാസന്‍ പറഞ്ഞു. നിലവില്‍ ഐപിഎല്ലില്‍ 9 മത്സരങ്ങളില്‍ നിന്ന് 414 റണ്‍സുമായി ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്താണ് ക്ലാസന്‍.